കണ്ണൂര്‍: ക്യാപ്റ്റനായും കാരണഭൂതനായും പാര്‍ട്ടി മഹിളകള്‍ പാടിപ്പുകഴ്ത്തിയ തിരുവാതിരക്കളിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം വിവാദമാകുന്നു. അണികളുടെ സ്തുതിപാടല്‍ പിണറായി അറിഞ്ഞുകൊണ്ടാണെന്ന ആരോപണങ്ങള്‍ ഒരു ഭാഗത്ത് ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മൗനം ചര്‍ച്ചയാകുന്നത്. ഒരിക്കല്‍ വി.എസ്. അച്ചുതാനന്ദനും പിന്നീട് പി. ജയരാജനുമെതിരെ വ്യക്തിപൂജ നല്ലതല്ലെന്ന രീതിയില്‍ നിലപാടെടുത്ത പിണറായിക്ക് സ്വന്തം കാര്യത്തില്‍ എന്താണ് അഭിപ്രായമെന്നാണ് പാര്‍ട്ടിക്ക് അകത്തും പുറത്തും ചോദ്യമുയരുന്നത്.
ഫാന്സിന്റെയും ചെന്താരകമെന്ന വാഴ്ത്തുപാട്ടുകളുടെയും ആല്‍ബത്തിന്റെയുമൊക്കെ പേരിലാണ് കണ്ണൂരില്‍ ശക്തനായിരുന്ന പി. ജയരാജനെ പാര്‍ട്ടി ഒതുക്കിയത്. അതിന് പിന്നില്‍ പിണറായി വിജയന്റെ ഇടപെടലായിരുന്നു. ഇ.പി. ജയരാജന്, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദന് തുടങ്ങിയ നേതാക്കളെല്ലാം അന്ന് പി. ജയരാജനെ വളഞ്ഞിട്ടാക്രമിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എം.വി. ഗോവിന്ദനാണ് ജയരാജനെതിരെ ആക്ഷേപം ഉന്നയിച്ചത്. പി. ജയരാജന് പാര്‍ട്ടിക്ക് അതീതനാകാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. തുടര്‍ന്ന് സംഘടനാ ചുമതലയില്‍ മാറ്റി നിര്‍ത്തപ്പെട്ട ജയരാജന് ഇപ്പോള്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി ഒതുക്കപ്പെട്ടു. ചെറിയാന് ഫിലിപ്പും ശോഭനാജോര്‍ജ്ജും വരെ കയ്യൊഴിഞ്ഞ സ്ഥാനത്ത് ജയരാജനെ നിയമിച്ചത് അദ്ദേഹത്തെ അപമാനിക്കാനാണെന്നും പാര്‍ട്ടിക്കുള്ളില്‍ ആരോപണമുയര്‍ന്നു.
തെരഞ്ഞെടുപ്പ് സമയത്ത് ക്യാപ്റ്റന്‍ എന്ന നിലയിലാണ് പിണറായിയുടെ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. പിണറായി മത്സരിച്ച ധര്‍മ്മടം മണ്ഡലത്തില്‍ സ്തുതിപാഠകരായ സിനിമാതാരങ്ങളെയും ഗായകരെയുമുള്പ്പെടുത്തി മെഗാ ഷോ സംഘടിപ്പിച്ചു. പാരിജാതപ്പൂവെന്ന് വിശേഷിപ്പിച്ചു. മുമ്പും പുലിമുരുകനായും മറ്റും പൊതുവേദികളില്‍ ഉയര്‍ന്ന വിശേഷണങ്ങള്‍ പിണറായി ആസ്വദിക്കുകയായിരുന്നുവെന്നാണ് പാര്ട്ടിക്കാര് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സമ്മേളനവും തുടര്‍ന്ന് ഏപ്രിലില്‍ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസും നടക്കാനിരിക്കെ പിണറായിത്തിരുവാതിരയും സ്തുതിഗീതവും വലിയ വിവാദങ്ങളിലേക്കാണ് സിപിഎമ്മിനെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: