നരേന്ദ്ര മോദി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും മെനഞ്ഞെടുത്ത മറ്റൊരു കള്ളക്കഥകൂടി പൊളിഞ്ഞിരിക്കുന്നു. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ശ്രീനാരായണ ഗുരുദേവന് ഉള്‍പ്പെടുന്ന ഫ്ളോട്ട് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതോടെയാണിത്. ജഡായുപ്പാറയുടെ ദൃശ്യമുള്ള കേരളത്തിന്റെ ഫ്ളോട്ടില്‍ ശ്രീശങ്കരാചാര്യരുടെ പ്രതിമ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചുവെന്നും, ഇതിനുപകരം ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ വച്ചപ്പോള്‍ നിരസിച്ചുവെന്നുമാണ് ചില മാധ്യമങ്ങളുടെ സഹായത്തോടെ സിപിഎമ്മും പിണറായി സര്‍ക്കാരും പ്രചരിപ്പിച്ചത്. എന്നാല്‍ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ ഒഴിവാക്കാനോ തെരഞ്ഞെടുക്കുന്ന ജൂറിക്ക് അധികാരമില്ലെന്നിരിക്കെ ശങ്കരാചാര്യരുടെ പ്രതിമയുള്ള ഫ്ളോട്ട് വേണമെന്ന് പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശിച്ചുവെന്ന പ്രചാരണം വെറും നുണയാണെന്ന് തെളിഞ്ഞു. ഇതോടെ കള്ളക്കഥ മെനഞ്ഞവരുടെ തനിനിറം വെളിപ്പെട്ടിരിക്കുകയാണ്. കേരളത്തിന്റെ ഫ്ളോട്ടില്‍ ശങ്കരാചാര്യരുടെ പ്രതിമ വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രാലയ സമിതി വ്യക്തമാക്കിയതില്‍നിന്ന് തീര്‍ത്തും അനാവശ്യമായി ഒരു വിവാദമുണ്ടാക്കുകയെന്നതാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ദുഷ്ടലാക്കെന്നും തെളിഞ്ഞിരിക്കുന്നു.
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് സിപിഎം സ്ഥിരം പയറ്റുന്ന വിഭാഗീയതയുടെ രാഷ്്രടീയമാണ് റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചലദൃശ്യത്തിന്റെ കാര്യത്തിലും പ്രയോഗിച്ചത്. ഗുരുദേവനോടല്ല ശ്രീശങ്കരനോടാണ് കേന്ദ്രസര്‍ക്കാരിന് ആഭിമുഖ്യമെന്നും, ഗുരുദേവനെ അവഗണിച്ചത് കേരളത്തോടു ചെയ്ത അനീതിയാണെന്നും വരുത്തിത്തീര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പിനുള്ള വ്യഗ്രത ഒരുതരം സാംസ്കാരിക നിന്ദയാണ്. ശ്രീശങ്കരനോട് ഗുരുദേവനില്ലാത്ത വിരോധം ആരോപിക്കുന്നത് വലിയ ഗുരുനിന്ദതന്നെയാണ്. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്ന് പ്രഖ്യാപിച്ചാണ് ഗുരുദേവന് വലിയ സാമൂഹ്യ വിപ്ലവം നയിച്ചത്. ഇതിനും പത്ത് നൂറ്റാണ്ട് മുന്‍പ് ‘ന മേ ജാതി ഭേദഃ’, എനിക്ക് ജാതിഭേദമില്ല എന്നു പറഞ്ഞയാളാണ് ശ്രീശങ്കരന്. ശങ്കരന്റെ മതമാണ് നമ്മുടെയും മതമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയയാളുമാണ് ഗുരുദേവന്. വേദാന്തത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിച്ച രണ്ട് ആചാര്യന്മാരാണിവര്. ഈ സത്യം അംഗീകരിക്കാതെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ ശ്രമിച്ചുപോരുന്നത്. ഹിന്ദുസമൂഹത്തെ ജാതീയമായി വേര്‍തിരിച്ചുനിര്‍ത്തി രാഷ്ട്രീയം കളിച്ച് മുതലെടുക്കുകയെന്നത് സിപിഎമ്മിന്റെ എക്കാലത്തെയും അജണ്ടയാണ്. സാമൂഹ്യ പ്രതിബദ്ധത തൊട്ടുതീണ്ടാതെയുള്ള ഈ അവിശുദ്ധ രാഷ്ട്രീയത്തില്‍നിന്ന് സിപിഎമ്മിന് മോചനമില്ല.
ഗുരുദേവന് മുറുകെപിടിച്ച വേദാന്തദര്‍ശനത്തെ പുച്ഛിച്ച് വര്‍ഗസമരത്തിന്റെ പേരുപറഞ്ഞ് കേരളീയ സമൂഹത്തെ അധഃപതിപ്പിച്ചവരാണ് കമ്യൂണിസ്റ്റുകള്‍. കിട്ടിയ അവസരങ്ങളിലെല്ലാം ഗുരുദേവനെ നിന്ദിക്കുകയാണ് അവര്‍ ചെയ്തിട്ടുള്ളത്. ഗുരുദേവനെ കുരിശിലേറ്റുകയും തൂക്കിലേറ്റുകയുമൊക്കെ ചെയ്ത് ഗുരുദേവഭക്തരെയും പൊതുസമൂഹത്തെയും വേദനിപ്പിച്ചവരുടെ കാപട്യം തിരിച്ചറിയാനുള്ള വിവേകം മലയാളികള്‍ക്കുണ്ട്. സ്വാതന്ത്ര്യം കിട്ടി ഏഴരപ്പതിറ്റാണ്ടു കഴിഞ്ഞിട്ടും വിദേശക്കൂറു കൊണ്ടുനടക്കുന്നവര്‍ രാജ്യത്തിന്റെ റിപ്പബ്ലിക്ദിന പരേഡിനെ അവഹേളിക്കുന്നതില്‍ അതിശയോക്തിയില്ല. ഇരുപതിലേറെ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ തള്ളിക്കളഞ്ഞ് പന്ത്രണ്ട് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്നിന്നുള്ളവയ്ക്ക് മാത്രമാണ് റിപ്പബ്ലിക്ദിന പരേഡില്‍ അനുമതി നല്‍കിയിരുന്നത്. ബിജെപി ഭരിക്കുന്ന ഗോവയുടെയും ഉത്തരാഖണ്ഡിന്റെയൊന്നും നിശ്ചലദൃശ്യങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. കൊവിഡ് കണക്കിലെടുത്ത് പകുതിയില്‍ താഴെ ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന പരേഡില്‍ നിശ്ചലദൃശ്യങ്ങളുടെയും എണ്ണം കുറച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ഒരു സംസ്ഥാനം പോലും പരാതി ഉന്നയിക്കാതിരിക്കെയാണ് രാജ്യത്തിന്റെ ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും നിരക്കാത്ത വിധം സിപിഎമ്മും പിണറായി സര്‍ക്കാരും കുപ്രചാരണം നടത്തിയത്. ഒരു സംസ്ഥാനത്തു മാത്രമായി അവശേഷിക്കുന്ന അധികാരം ദുരുപയോഗിച്ച് വിഘടനവാദം വളര്‍ത്താനും രാഷ്ട്രത്തെ അവഹേളിക്കാനും ശ്രമിക്കുന്ന ഇക്കൂട്ടരെ ഒറ്റപ്പെടുത്തുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: