ന്യൂദല്‍ഹി: പ്രതിരോധരംഗത്തെ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍കുതിപ്പ്. 2779.5 കോടി രൂപയുടെ ബ്രഹ്മോസ് മിസ്സൈലുകളാണ് ഇന്ത്യ ഫിലിപ്പൈന്‍സിന് വില്ക്കാന് ധാരണയായത്.
വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച കരാര്‍ ഫിലിപ്പൈന്‍സ് അംഗീകരിച്ചത്. ഫിലിപ്പൈന്‍സ് നാവിക സേനയ്ക്കാണ് ഇന്ത്യയുടെ ബ്രഹ്മോസ് എന്നറിയപ്പെടുന്ന സൂപ്പര്‍ സോണിക് ക്രൂസ് മിസ്സൈലുകള്‍ വില്‍ക്കുന്നത്. ഫിലിപ്പൈന്‍സ് ദേശീയ പ്രതിരോധവകുപ്പിന്റെ സെക്രട്ടറി ഡെല്ഫിന് ലോറെന്സന ഒപ്പുവെച്ച കരാര്‍ അംഗീകരിച്ചതായുള്ള നോട്ടീസ് ഫിലിപ്പൈന്‍സ് വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്.
കരാര്‍ ലഭിച്ച് 10 കലണ്ടര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീരത്തെ അടിസ്ഥാനമാക്കിയുള്ള ആന്റി ഷിപ്പ് മിസ്സൈല്‍ സംവിധാനമായ ബ്രഹ്മോസ് മിസ്സൈല്‍ നല്‍കാനാണ് ബ്രഹ്മോസ് എയ്റോസ്പേസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയുമായി സൗഹൃദമുള്ള വിദേശ രാഷ്ട്രങ്ങള്‍ക്ക് ആയുധങ്ങളും മറ്റ് പ്രതിരോധസംവിധാനങ്ങളും നല്‍കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഡിആര്‍ഡിഒയും ബ്രഹ്മോസ് എയ്റോസ്പേസും സംയുക്തമായാണ് ഇതിന് ശ്രമിക്കുന്നത്. മുങ്ങിക്കപ്പലുകള്‍, വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, കര എന്നിവിടങ്ങളില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസ്സൈലുകള്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമെന്ന നിലയ്ക്കാണ്.
290 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുക്കാവുന്നതാണ് ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസ്സൈലുകള്‍. പ്രതിരോധ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന മെയ്ക് ഇന്‍ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായിട്ടാണ് ബ്രഹ്മോസ് മിസ്സൈലുകള്‍ നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: