ചങ്ങനാശ്ശേരി ഈസ്റ്റ്: ചങ്ങനാശ്ശേരിയിലെ പ്രധാന റോഡുകളെല്ലാം കുഴികളാല്‍ സമ്പന്നം. എംസി റോഡിലും, എസി റോഡിലും, റ്റിബി റോഡിലും, വാഴൂര്‍ റോഡിലും, കവിയൂര്‍ റോഡിലും എല്ലാം സര്‍വ്വത്ര കുഴികള്‍.
കുഴി അടക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഇല്ല. വിലപ്പെട്ട മനുഷ്യ ജീവനുകള്‍ക്ക് പുല്ലു വില പോലും കല്പിക്കുന്നുമില്ല. കുഴികള്‍ സാധാരണ പോലെയല്ല. വലിയ വെട്ടുകുഴികള്‍ക്ക് സമാനമാണ്. നിത്യേന വാഹനാപകടങ്ങള്‍ പെരുകുന്നു. ഒപ്പം മരണവും. കഴിഞ്ഞ ദിവസം എസി റോഡിലും, വാഴൂര്‍ റോഡിലും ഉണ്ടായ അപകടത്തെ തുടര്‍ന്ന് രണ്ടു പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ബുധനാഴ്ച്ച എം സി റോഡില്‍ വാഴപ്പള്ളിക്ക് സമീപംറോഡില്‍ നിന്നും തെന്നി മാറിയ കാര്‍ സ്കൂട്ടറിലും, മറ്റൊരു കാറിലും ഇടിച്ചു കയറി വാഹനം ഓടിച്ചവര്‍ക്ക് ഗുരുതര പരിക്കുകള്‍ സംഭവിച്ചു. റോഡിലെ വലിയ ഗര്‍ത്തങ്ങളില്‍പ്പെടാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിച്ചു മാറ്റുമ്പോളാണ് പിന്നില്‍ നിന്നും, മുന്നില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടയിടി നടക്കുന്നത്.
റോഡിന്റെ അപാകതകള്‍ പഠിക്കാനും, പരിഹരിക്കാനും ബന്ധപ്പെട്ട അധികാരികളോ, ഉദ്യോഗസ്ഥരോ സ്ഥലം സന്ദര്‍ശിക്കുന്നുമില്ല. കവിയൂര്‍ റോഡില്‍ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. റയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള കുഴിയില്‍ വീണ് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അപകടം സംഭവിക്കുന്നുണ്ട്. റോഡിലെന്തൊക്കയോ സംഭവിക്കുന്നു, തങ്ങള്‍ക്ക് ഇതിലൊന്നും ഒരു പങ്കുമില്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിനിടയിലാണ് അഭ്യാസ പ്രകടനവുമായി വീണ്ടും യുവാക്കള്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ അവസാനം മൂന്നു പേരുടെ മരണത്തിനിടയാക്കിയ അഭ്യാസ പ്രകടനത്തിനു ശേഷം ബൈപ്പാസ് റോഡില്‍ നിന്നും ബൈക്ക് അഭ്യാസികള്‍ പിന്‍വാങ്ങിയിരിക്കുകയായിരുന്നു. ഇപ്പോള്‍ ഇത് പുനരാരംഭിച്ചിട്ടുണ്ട്.
രാത്രി ഏഴു മണിയോടുകൂടി ബൈക്കുകളില്‍ യുവാക്കള്‍ ബൈപ്പാസ് റോഡിലേക്കെത്തും. റായില്‍വേ ജംഗ്ഷനില്‍ നിന്ന് പാലാത്ര ഭാഗത്തേക്കുള്ള റോഡില്‍ പലയിടങ്ങളിലാണ് ഇവര്‍ മത്സരയോട്ടം നടത്തുന്നത്. റോഡിന്റെ ശോചനീയാവസ്ഥ നോക്കാതെയാണ് അമിത വേഗത്തില്‍ പായുന്നത്. അമിത ശബ്ദത്തോടെയുള്ള ബൈക്കുകളാണ് കൂടുതലും ഉപേയാഗിക്കുന്നത്.
മുമ്പ് അപകടം ഉണ്ടായ സമയത്ത് മോട്ടോര്‍ വാഹന വകുപ്പും, പോലീസും പരിശോധന കര്‍ശനമാക്കിയതോടെ അഭ്യാസപ്രകടനങ്ങള്‍ നിലച്ചിരുന്നു. ഇപ്പോള്‍ പരിശോധനയില്ലെന്ന് വന്നതോടെയാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നുള്ള തീരുമാനം ഇപ്പോഴും ഫയലുകളില്‍ വിശ്രശമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: