Categories: Kerala

ശരണമന്ത്രജപത്തോടെ ഭക്തര്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സന്നിധാനം ഭക്തിസാന്ദ്രം; മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം

മകരസംക്രമസന്ധ്യയില്‍ മണികണ്ഠസ്വാമിക്ക് ദീപാരാധനാവേളയില്‍ അണിയാനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്രയ്ക്ക് ഇന്ന് വൈകിട്ട് 5.30ന് ശരംകുത്തിയില്‍ സ്വീകരണം നല്കും. അവിടെ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് തിരുവാഭരണപേടകങ്ങള്‍ ആനയിക്കും.

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി സന്നിധാനം ഭക്തിസാന്ദ്രം. കൊവിഡ് മഹാമാരിയുടെ ആധിവ്യാധികളൊഴിയാന്‍ ശരണമന്ത്രജപത്തോടെ അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥനാനിരതരായി ഭക്തസഹസ്രങ്ങള്‍ സന്നിധാനത്തെത്തി.

മകരസംക്രമസന്ധ്യയില്‍ മണികണ്ഠസ്വാമിക്ക് ദീപാരാധനാവേളയില്‍ അണിയാനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്രയ്‌ക്ക് ഇന്ന് വൈകിട്ട് 5.30ന് ശരംകുത്തിയില്‍ സ്വീകരണം നല്കും. അവിടെ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് തിരുവാഭരണപേടകങ്ങള്‍ ആനയിക്കും. തിരുമുറ്റത്തെത്തുന്ന പേടകങ്ങളിലെ കലശപ്പെട്ടിയും കൊടിപ്പെട്ടിയും മാളികപ്പുറത്തേക്കും തിരുവാഭരണങ്ങള്‍ അടങ്ങുന്ന പ്രധാന പേടകം പതിനെട്ടാംപടിയിലൂടെ ശ്രീകോവിലിലേക്കും കൊണ്ടുവരും.

ശ്രീകോവിലിനു മുന്നില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയും പേടകം ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. നടയടച്ച് തിരുവാഭരണങ്ങള്‍ അയ്യപ്പസ്വാമിയെ അണിയിച്ചശേഷം നടതുറന്ന് ദീപാരാധന നടത്തും. ആ സമയം കിഴക്കന്‍ ചക്രവാളത്തില്‍ മകരനക്ഷത്രവും, പൊന്നമ്പലമേട്ടില്‍ ദീപവും തെളിയും.

മകരവിളക്ക് ദര്‍ശനത്തിനായി ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മല കയറിയതില്‍ ഏറെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. സന്നിധാനം, പാണ്ടിത്താവളം, മാളികപ്പുറം, അന്നദാന മണ്ഡപം, പാലാഴി, മാഗുണ്ട അയ്യപ്പനിലയം, കൊപ്രാക്കളം, കെഎസ്ഇബി, ഫോറസ്റ്റ് ഓഫീസ് തുടങ്ങിയ ഇടങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക