ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന ഫ്ളോട്ടില്‍ ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്നത് കള്ളക്കഥയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. കേരളത്തിന്റെ ഫ്ളോട്ടില്‍ ശ്രീശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കണമെന്ന് പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചെന്ന പ്രചാരണം നുണയെന്നും നിശ്ചലദൃശ്യങ്ങള്‍ തെരഞ്ഞെടുക്കുന്ന ജൂറി അംഗം ജന്മഭൂമിയോട് പ്രതികരിച്ചു.
ഏതൊരു സംസ്ഥാനത്തിന്റെ നിശ്ചലദൃശ്യത്തിലും എന്തെങ്കിലും കൂട്ടിച്ചേര്‍ക്കണമെന്ന് ജൂറി നിര്‍ദേശിക്കാറില്ല. സംസ്ഥാനങ്ങള്‍ നല്കുന്ന നിശ്ചലദൃശ്യങ്ങള്‍ പരിശോധിക്കുക മാത്രമാണ് ജൂറിയുടെ ചുമതല. കേരളത്തിന്റെ നിശ്ചലദൃശ്യത്തില്‍ ശങ്കരാചാര്യരെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കാനും നിലവിലെ രീതികളനുസരിച്ച് മന്ത്രാലയ സമിതിക്ക് സാധിക്കില്ല. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് വിവാദങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ജൂറി അംഗം വ്യക്തമാക്കി.
കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പകുതിയില്‍ താഴെ മാത്രം ആളുകളെ പ്രവേശിപ്പിച്ചാണ് റിപ്പബ്ലിക് ദിന പരേഡ് ഇത്തവണ നടത്തുന്നത്. നിശ്ചലദൃശ്യങ്ങളില്‍ അടക്കം എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. പന്ത്രണ്ട് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് മാത്രമാണ് നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചത്.
ഇരുപതിലേറെ സംസ്ഥാനങ്ങളുടേത് തള്ളിക്കളഞ്ഞു. ഏറ്റവും മികച്ചവയ്ക്ക് മാത്രമാണ് അനുമതി. രാഷ്ട്രീയ ഇടപെടലുകളൊന്നും സാധ്യമല്ലാത്ത സ്വതന്ത്ര സമിതിയാണ് ഫ്ളോട്ടുകള്‍ തെരഞ്ഞെടുക്കുന്നത്. അതിനപ്പുറമുള്ള വ്യാഖ്യാനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് ജൂറിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: