കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സുപ്രധാന തെളിവുകള്‍ക്കായി അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്. നടനെതിരെ സുപ്രധാന തെളിവുകള്‍ ലഭിച്ചാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി കഴിഞ്ഞ ദിവസം ദിലീപിന്റേയും സഹോദരന്റേയും വീട്ടിലും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലും തെരച്ചില്‍ നടത്തിയിരുന്നു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുമ്പോള്‍ ദിലീപിന്റെ കൈവശമുണ്ടായിരുന്നെന്ന് ആരോപിക്കപ്പെടുന്ന തോക്കിനായാണ് അന്വേഷണ സംഘം തെരഞ്ഞത്. ദിലീപിന്റെ പേരില്‍ തോക്കിന് ലൈസന്‍സില്ലെന്നും സുചയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയതെങ്കിലും തോക്ക് കണ്ടെടുക്കാനായില്ല. കൂടാതെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ക്കായും തെരച്ചില്‍ നടത്തിയെങ്കിലും ലഭിച്ചില്ല.
നടിയെ ആക്രമിച്ച ദൃശ്യങ്ങളുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഹാര്‍ഡ് ഡിസ്കുകളുടെയും പെന്‍ഡ്രൈവുകളുടെയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവ വീണ്ടെടുക്കാനാകും. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫീസില്‍ ഈ ദൃശ്യങ്ങള്‍ എത്തിയിരുന്നതായി സംശയിക്കുന്നുണ്ട്. ഇതാണ് ഇവിടെയും പരിശോധന നടന്നത്തിയത്.
കേസില്‍ ദിലീപിന്റ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കാനിക്കേയാണ് വ്യാഴാഴ്ച അന്വേഷണ സംഘം തെരച്ചില്‍ നടത്തിയത്. കോടതിയുടെ അനുമതിയോടെ റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്തസംഘം തെരച്ചിലിനെത്തിയത്. സൈബര്‍ വിദഗ്ധരും ഒപ്പമുണ്ടായിരുന്നു. ആലുവയിലെ പത്മസരോവരം വീടിനുമുന്നില്‍ എറണാകുളം ക്രൈംബ്രാഞ്ച് യൂണിറ്റ് എസ്.പി. മോഹനചന്ദ്രനടക്കമുള്ള സംഘം 20 മിനിറ്റോളം കാത്തുനിന്നു. റിമോട്ട് കണ്ട്രോളില് പ്രവര്‍ത്തിക്കുന്ന ഗേറ്റ് തുറക്കാതായതോടെ അന്വേഷണസംഘം ഗേറ്റും മതിലും ചാടിക്കടന്നു. വീടിനുള്ളില്‍ ആരുമില്ലെന്ന് മനസ്സിലാക്കിയതിനുശേഷം ദിലീപിന്റെ സഹോദരിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇവരില്‍നിന്ന് താക്കോല്‍ വാങ്ങിയാണ് സംഘം അകത്തുപ്രവേശിച്ചത്. ഇതിനിടെ ദിലീപിന്റെ അഭിഭാഷകനും പിന്നാലെ ദിലീപും എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: