ന്യൂദല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ പ്രാദേശിക നിയന്ത്രണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ജാഗ്രത പാലിക്കണം എന്നാല്‍ പരിഭ്രാന്തരാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കൊവിഡ് 19 സാഹചര്യം അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ സാധാരണക്കാരുടെ ഉപജീവനമാര്‍ഗ്ഗവും സാമ്പത്തികാവസ്ഥയും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സമ്പദ്വ്യവസ്ഥയുടെ കുതിപ്പ് എന്നിവ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍ പ്രാദേശിക നിയന്ത്രണങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് നല്ലത്.
ഒമിക്രോണിനെക്കുറിച്ചുള്ള പ്രാഥമിക സംശയം പതുക്കെ നീങ്ങുകയാണ്. ഈ വകഭേദം മുന്‍വകഭേദങ്ങളെക്കാള്‍ പലമടങ്ങ് വേഗത്തില്‍ സാധാരണ ജനങ്ങളെ ബാധിക്കുന്നു. ആരോഗ്യ വിദഗ്ധര്‍ സ്ഥിതി വിലയിരുത്തുകയാണ്. ജാഗ്രത പാലിക്കണം. ഹോം ഐസൊലേഷന്‍ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ പരമാവധി ആളുകള്‍ സുഖം പ്രാപിച്ചെന്ന് ഉറപ്പാക്കണം. ഹോം ഐസൊലേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ചികിത്സക്കായി ടെലി മെഡിസിന് സൗകര്യങ്ങള്‍ ഉപയോഗിക്കാം. ആയുര്‍വേദ, പരമ്പരാഗത മരുന്നുകളും സഹായകമാകും. ഒമിക്രോണിനെതിരെ പോരാടുന്നതിനൊപ്പം, ഈ വൈറസിന്റെ ഭാവി വകഭേദങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിനും തയ്യാറാകണം.
ആശങ്കാജനകമായ സാഹചര്യം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ സജീവവും മുന്കരുതലുള്ളതും കൂട്ടായതുമായ സമീപനം ആവശ്യമാണ്. സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ച 23,000 കോടി രൂപയുടെ പാക്കേജ് സംസ്ഥാനങ്ങള്‍ അവരുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം നന്നായി വിനിയോഗിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും ഈ കൂട്ടായ, സജീവമായ സമീപനമാണ് ഇത്തവണയും പിന്തുടരേണ്ടത്. പരിഭ്രാന്തിയുടെ ഒരു സാഹചര്യം സൃഷ്ടിക്കപ്പെടാതിരിക്കാന് പൂര്‍ണ്ണ ശ്രദ്ധചെലുത്തണം.
കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്സിനുകളാണ് ഏറ്റവും നല്ലത്. യോഗ്യരായ ജനസംഖ്യയുടെ 92% ആളുകള്‍ക്ക് ആദ്യ ഡോസ് നല്കി. ഏകദേശം 70% യോഗ്യരായ ആളുകള്‍ക്ക് അവരുടെ രണ്ടാമത്തെ ഡോസും ലഭിച്ചു. 1518 വയസ് പ്രായമുള്ള മൂന്നു കോടി കൗമാരക്കാര്‍ക്കും വാക്സിന് നല്‍കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ സാധ്യതയും ഈ വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ തയ്യാറെടുപ്പും കാണിക്കുന്നു. മുന്‍നിരപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും എത്ര വേഗത്തില്‍ മുന്‍കരുതല്‍ ഡോസുകള്‍ നല്കുന്നുവോ നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനം അത്രയും സുരക്ഷിതമായിരിക്കും. നൂറു ശതമാനം വാക്സിന് കവറേജിലെത്താന് വീട്ടിലെത്തി വാക്സിന് നല്കുന്ന ഹര് ഘര്‍ ദസ്തക് പരിപാടി കൂടുതല്‍ ത്വരിതപ്പെടുത്തണം. വാക്സിനുകളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഉത്സവകാലത്ത് ജനങ്ങളുടെയും ഭരണസംവിധാനത്തിന്റെയും ജാഗ്രത കുറയരുത്.
നൂറു വര്‍ഷത്തെ ഏറ്റവും വലിയ മഹാമാരിയുമായുള്ള ഇന്ത്യയുടെ പോരാട്ടം ഇപ്പോള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. കഠിനാധ്വാനമാണ് ഏക വഴി, വിജയമാണ് ഏക പോംവഴി. ഞങ്ങള്‍, ഇന്ത്യയിലെ 130 കോടി ജനങ്ങള്‍, പരിശ്രമത്തിലൂടെ കൊറോണയ്ക്കെതിരായ പോരാട്ടത്തെ വിജയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: