Categories: World

പാകിസ്ഥാനില്‍ മതംമാറ്റം:70 ശതമാനത്തിലധികം ഇരകളും പ്രായപൂര്‍ത്തിയാകാത്തവര്‍

Published by

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരാകുന്നതില്‍ എഴുപത് ശതമാനവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെന്ന് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും കുറഞ്ഞത് 1000 പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി കല്ല്യാണം കഴിക്കുകയും മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ഇത് വ്യാപകമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

അടുത്തിടെ പതിമൂന്നും പത്തൊന്‍പതും വയസ്സുള്ള രണ്ട് ഹിന്ദു പെണ്‍കുട്ടികളെയും കൗമാരക്കാരിയായ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയും തട്ടിക്കൊണ്ട് പോയതായി പാക് മാധ്യമം ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല്‍പതിലേറെ പ്രായമുള്ള പുരുഷന്മാരാണ് ഈ കുട്ടികളെ വിവാഹം കഴിക്കുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ പാകിസ്ഥാനില്‍ നടക്കുന്ന അതിക്രമങ്ങളില്‍ അന്താരാഷ്‌ട്ര സമൂഹം ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

നിര്‍ബന്ധിത മതംമാറ്റവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിക്കുന്നതും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ നിരോധിക്കണമെന്നും പാക് പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നു. വിഷയം പരിശോധിക്കാന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കണം. 2021ന്റെ ആദ്യ പകുതിയില്‍ പഞ്ചാബില്‍ നിന്നും 6754 സ്ത്രീകളെ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by