കോട്ടയം: ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിനായി ജില്ലയിലെ ഭക്ഷണശാലകള്‍ക്ക് റേറ്റിങ് വരുന്നു. ഭക്ഷണശാലകളുടെ വൃത്തിയും ഭക്ഷണത്തിന്റെ ഗുണനിലവാരവും സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന ഫൈവ് സ്റ്റാര്‍ വരെ റേറ്റിങ് നല്കാവുന്ന സംവിധാനം ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഒരുക്കുക. ആദ്യഘട്ടത്തില്‍ ജില്ലയിലെ 45 ഭക്ഷണശാലകളെയാണ് റേറ്റിങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
വൃത്തിയിലും ഭക്ഷണത്തിന്റെ ഗുണത്തിലും മാറ്റങ്ങള്‍ വരുത്തുന്നതിനായി പാചകക്കാര്‍, വിളമ്പുന്നവര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പരിശീലനവും ബോധവല്‍ക്കണവും നല്‍കും. റേറ്റിങ് കൃത്യമായി പരിശോധിക്കുന്നതിനു സംവിധാനമുണ്ടാകും. റേറ്റിങ് കുറവുള്ള സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കും.
സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ‘ഈറ്റ് റൈറ്റ് കാമ്പസ്’ പദ്ധതിയില്‍ കോട്ടയം കളക്ടറേറ്റ്, കാരിത്താസ് ആശുപത്രി, അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളജ്, പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജ് എന്നിവയെ ഉള്‍പ്പെടുത്തി. ഇവിടുത്തെ കാന്റീനുകളില്‍ സുരക്ഷിത ഭക്ഷണം മാത്രമാണ് വില്‍പ്പന നടത്തുന്നതെന്ന് ഉറപ്പു വരുത്തും. ഇവയുടെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന കടകളിലും ഹോട്ടലുകളിലും ജംഗ് ഫുഡ് വിഭാഗത്തില്‍പ്പെട്ടവയുടെ വിപണനം തടയും.
ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയുന്നതിനായുള്ള റൂക്കോ പദ്ധതിയും ജില്ലയില്‍ വ്യാപകമാക്കും. കാറ്ററിങ് യൂണിറ്റുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ നിന്ന് പുനരുപയോഗ്യമല്ലാത്ത എണ്ണ ശേഖരിക്കുന്നതാണ് പദ്ധതി. ഉപയോഗിച്ച എണ്ണയുടെ നിര്‍മ്മാര്‍ജ്ജനം പദ്ധതിയിലൂടെ മാത്രമാക്കും. ഇതിനായി രണ്ട് അംഗീകൃത ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉപയോഗിക്കുകയും കൈമാറുകയും ചെയ്യുന്ന എണ്ണയുടെ അളവ് സംബന്ധിച്ച വിവരം സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നല്‍കണം. ഉപയോഗിച്ച എണ്ണ ശേഖരിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ഏജന്‍സികള്‍ ലഭ്യമാക്കും. കൃത്രിമമായി റിപ്പോര്‍ട്ട് നല്‍കുകയോ പദ്ധതി നടപടികള്‍ നിരസിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
വിവിധ കര്‍മ്മ പദ്ധതികളുടെ നടത്തിപ്പു പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഡോ.പികെ. ജയശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പദ്ധതികളുടെ പ്രാധാന്യം സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്. വിനോദ് വിശദീകരിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ പി. ഉണ്ണികൃഷ്ണന് നായര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ അലക്സ് കെ. ഐസക്, കെഎച്ച്ആര്‍എ ജില്ലാ സെക്രട്ടറി ഫിലിപ്പുകുട്ടി കെ.കെ, ബിഎകെഇ സംസ്ഥാന സെക്രട്ടറി പ്രേം രാജ്, ഡോ.പുന്നന്‍ കുര്യന് വേങ്കടത്ത് , ഡോ. ദീപ്തി മധു, ഭക്ഷ്യ സുരക്ഷ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അക്ഷയ വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: