കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിഐപി സിനിമാ മേഖലയില്‍ നിന്നുള്ള ആളല്ല. സിനിമയുമായി ബന്ധമുള്ള ആളാണെങ്കില്‍ തനിക്കയാളെ അറിയാന്‍ കഴിഞ്ഞേനെയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസുമായി ബന്ധപ്പെട്ട് പോലീസില്‍ മൊഴി നല്‍കിയ ശേഷം സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബിസിനസ് ബന്ധവും രാഷ്‌ട്രീയ ബന്ധങ്ങളുമുള്ള വ്യക്തിയാണ് കേസിലെ വിഐപി. അന്‍വര്‍ സാദത്ത് എംഎല്‍എയാണോ വിഐപിയെന്ന് പലരും അന്വേഷിക്കുന്നുണ്ട്. അദ്ദേഹമല്ല. തനിക്ക് അറിയാവുന്നയാളാണ്. ദിലീപ് ജാമ്യത്തിലിറങ്ങിയ സമയത്തെ ചിത്രങ്ങള്‍ അടുത്തിടെ ഒരു സുഹൃത്ത് അയച്ചുതന്നിരുന്നു. അതില്‍ ദിലീപിന്റെ കൂടെ നില്‍ക്കുന്ന ഒരാളാണോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.
വിഐപിയെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ചില ചിത്രങ്ങള്‍ കാണിച്ചിരുന്നു. അതില്‍ സംശയമുള്ളൊരാളെ പറ്റി പറഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങളുമായി വിഐപി എത്തിയ സമയത്ത് കാവ്യയുടെ ഏറ്റവും അടുത്ത സുഹൃത്തായ നടിയും അവിടെ ഉണ്ടായിരുന്നു. തന്റെ സഹോദരന്റെ വിവാഹത്തിന് ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു അവര്‍ അവിടേക്ക് വന്നത്. അവര്‍ ദിലീപിനോട് സംസാരിച്ചു. അവര്‍ പോയത് ഞാന്‍ കണ്ടിട്ടില്ല. അതിനുശേഷമാണ് വിഐപി ടാബുമായി അകത്തേക്ക് വന്നതെന്നും സംവിധായകന്‍ പറഞ്ഞു.
അതേസമയം കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ആലുവയിലെ വീട്ടിലും സഹോദരന്റെ വീട്ടിലും നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലും അന്വേഷണ സംഘം തെരച്ചില്‍ നടത്തുകയാണ്. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലുവയിലെ വീട്ടിലെത്തിയത്. വീട് പൂട്ടിയിട്ടിരുന്നതിനാല്‍ ഗേറ്റ് ചാടിക്കടന്നാണ് അന്വേഷണ സംഘം അകത്ത് പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: