പാലക്കാട്: ഉമ്മിനിയില്‍ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുഞ്ഞിനെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു. പുലിക്കുഞ്ഞിനെ നിരന്തരം കൂട്ടില്‍ വെക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.
ഉമ്മിനിയിലെ വീട്ടില്‍ വച്ച പുലിക്കൂട്ടില്‍നിന്ന് ഒരു കുഞ്ഞിനെ കൊണ്ടുപോയ അമ്മപ്പുലി വീണ്ടുമെത്തുന്നമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞദിവസം രണ്ടാമത്തെ കുഞ്ഞിനെയും കൂട്ടില്‍ വച്ച് കാത്തിരുന്നത്. ഇന്നലെ രാവിലെ ആറുവരെ അമ്മപ്പുലി എത്താത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഡിഎഫ്ഒയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
നീരിക്ഷണ ക്യാമറകള്‍ പരിശോധിച്ചതില്‍ ചൊവ്വാഴ്ച പുലി എത്തിയില്ലെന്ന് സ്ഥിരീകരിച്ചു. തൃശൂരില്‍ നിന്ന് വനംവകുപ്പിന്റെ മൃഗഡോക്ടര്‍മാരെത്തി കുഞ്ഞിനെ പരിശോധിച്ചു. കഴിഞ്ഞ ദിവസം ഒരു കുഞ്ഞുമായി പോയ പുലി ധോണി ഭാഗത്തുള്ള പാറക്കെട്ടുകള്ക്കിടയിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. സ്ഥലം കണ്ടെത്തി രണ്ടാമത്തെ കുഞ്ഞിനെ അവിടെ എത്തിക്കാനുള്ള സാധ്യതയും പരിശോധിച്ചിരുന്നു.
പാറക്കെട്ടിന് സമീപം കുഞ്ഞിനെ എത്തിച്ച് അമ്മപ്പുലിക്കായി കാത്തിരിക്കുന്നതിനിടെ മറ്റു മൃഗങ്ങള്‍ ആക്രമിക്കുമോ എന്ന ആശങ്കയുള്ളതിനാല്‍ പദ്ധതി തത്കാലം ഉപേക്ഷിച്ചു. രണ്ടുവര്‍ഷം കുഞ്ഞിനെ പരിപാലിച്ച ശേഷം വനത്തിലേക്കോ, മൃഗശാലയിലേക്കോ മാറ്റണമെന്ന നിര്‍ദേശവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: