കൊല്ലം: കായല്‍ കയ്യേറ്റം തടയാനുള്ള തീരുമാനത്തില്‍ ഉദ്യോഗസ്ഥരുടെ ഒത്തുകളി. പനയം പഞ്ചായത്തില്‍ അഷ്ടമുടിക്കായലിലെ കണ്ടച്ചിറ ഭാഗത്തെ കയ്യേറ്റത്തിനെതിരെ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തുവരികയും തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് തഹസില്‍ദാര്‍ സ്ഥലത്ത് എത്തി വേണ്ട നടപടിയെടുക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്. എന്നാല്‍ ഇന്നലെ വില്ലേജ് ഓഫീസില്‍ നിന്നും ആവശ്യമായ രേഖകള്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
അളന്നു തിട്ടപ്പെടുത്താന്‍ എത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശം അളക്കാന്‍ വേണ്ട ഉപകരണങ്ങളില്ലെന്ന മറുപടിയാണ് നല്‍കിയത്. ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ഇന്നലെ കയ്യേറ്റക്കാര്‍ക്ക് എതിരെ നടപടികള്‍ മുടങ്ങി. കാലതാമസം വരുത്തുന്നതും സഹായിക്കലിന്റെ ഭാഗമാണ്. കയ്യേറ്റക്കാര്‍ക്ക് ഭരണകക്ഷിയിലെ ഉന്നതരാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധമാണ് നടപടികള്‍ ഇഴയുന്നതിന് കാരണം.
കായല്തീരത്തോട് ചേര്‍ന്ന് തീരദേശ പരിപാലന ചട്ടം ലംഘിച്ച് കെട്ടിപ്പൊക്കിയ മതിലിന് പഞ്ചായത്ത് അധികൃതര്‍ നിര്‍മാണ ആരംഭത്തില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും അതൊന്നും വകവയ്ക്കാതെ മതില് പിന്നെയും നിര്‍മിച്ചു. മതില്കെട്ടിനുള്ളിലാക്കി കായലും തണ്ണീര്‍ത്തടവുമെല്ലാം നികത്തി എടുക്കാനുള്ള ശ്രമമാണ്. ഉദ്യോഗസ്ഥര്‍ നടപടി എടുക്കുന്നതിന് തടസ്സം നിന്നാല്‍ ശക്തമായ സമരപരിപാടിയുമായി രംഗത്ത് വരുമെന്ന് പനയം പഞ്ചായത്തംഗങ്ങള്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ ഇന്ന് ഹാജരാക്കിയില്ലെങ്കില്‍ താലൂക്ക് ഓഫീസ് ഉപരോധമടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാര്‍ അനന്തകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: