തിരുവല്ല: നാല് വര്‍ഷത്തിനിടെ പത്ത് ലക്ഷം റേഷന്‍ കാര്‍ഡുകള്‍ പുതിയതായി ചേര്‍ക്കപ്പെട്ടിട്ടും ഇ- പോസ് സെര്‍വറിന്റെ ശേഷി സര്‍ക്കാര്‍ ഉയര്‍ത്തിയില്ല. അഞ്ച് ദിവസമായി തുടരുന്ന റേഷന്‍ വിതരണ പ്രതിസന്ധിയുടെ പ്രധാന കാരണം സെര്‍വറിന്റെ ശേഷിയില്ലാത്തതാണ്. 2017 ഏപ്രില്‍ ഒന്നു മുതലാണ് റേഷന്‍ വിതരണം ഇ- പോസ് സംവിധാനത്തിലേക്ക് മാറിയത്. അന്ന് 81 ലക്ഷം കാര്‍ഡുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്‍ഡുകളുടെ എണ്ണം 91.87 ലക്ഷമായി ഉയര്‍ന്നു.
വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ എണ്ണവും ഉയര്‍ന്നു. നാല് വര്‍ഷം മുമ്പ് മഞ്ഞ കാര്‍ഡുകാര്‍ക്ക് നാല് മുതല്‍ അഞ്ച് വരെ സാധനങ്ങള്‍ മാത്രമാണ് വിതരണം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ മഞ്ഞകാര്‍ഡുകാര്‍ക്ക് മാത്രം ഒമ്പത് മുതല്‍ 10 വരെ സാധനങ്ങളാണ് റേഷന്‍ കടകളില്‍ നിന്ന് നല്‍കുന്നത്. മറ്റുള്ള വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന സാധനങ്ങളുടെ എണ്ണവും ആനുപാതികമായി ഉയര്‍ന്നു. കൊവിഡ് കാലത്ത് പാവങ്ങളെ സഹായിക്കാന്‍ ആരംഭിച്ച പിഎം ഗരീബ് കല്യാണ്‍ യോജന പ്രകാരം ആരംഭിച്ച സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഇപ്പോഴും തുടരുകയാണ്. ഇതെല്ലാം ഇ- പോസ് സംവിധാനത്തിലൂടെയാണ് വിതരണം ചെയ്യുന്നത്.
നിലവിലുള്ള സെര്‍വറിന്റെ ശേഷി ഉപയോഗിച്ച് 91 ലക്ഷം കാര്‍ഡുകാര്‍ക്ക് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. കാര്‍ഡുടമയുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വിതരണം നടത്താന്‍ ഒരു തരത്തിലും സാധിക്കുന്നില്ല. മുന്‍ഗണനേതര കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ അരിയും എല്ലാവിഭാഗം കാര്‍ഡുടമകള്‍ക്കും അധികമായി മണ്ണെണ്ണയും നല്കുന്നതിനാല് ഈ മാസം റേഷന്‍കടകളില്‍ തിരക്ക് കൂടുതലായിരുന്നു. സംസ്ഥാനത്തെ 14,500 റേഷന്‍ കടകളില്‍ ഒരേ സമയം മെഷീന് പ്രവര്‍ത്തിക്കുമ്പോള്‍ സെര്‍വറിന്റെ ശേഷി കുറവ് ഇ-പോസ് ശൃംഖല തകരാറിലാകുകയാണ്.
മുമ്പും പല തവണ തകരാര്‍ നേരിട്ടപ്പോള്‍ ശേഷി ഉയര്‍ത്തണമെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: