കൊല്ലം: മിനിട്ട്സ് തിരുത്തിയ സംഭവത്തില്‍ ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യാതിരിക്കാനുള്ള തീരുമാനത്തിന് ഒത്താശ ചെയ്യാനുള്ള നീക്കത്തിനെതിരെ കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗങ്ങളുടെ പ്രതിഷേധം.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ജി. ഗീരിഷാണ് കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉന്നയിച്ചത്. തുടര്‍ന്ന് ചൂടേറിയ വാഗ്വാദങ്ങളും പ്രതിഷേധങ്ങളുമായി. കോര്പ്പറേഷന് ഭൂമി മതില് കെട്ടി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മിനിട്സ് തിരുത്തി ഭൂമി സ്വകാര്യവ്യക്തിയ്ക്ക് കൈമാറുന്നതിന് അവസരമൊരുക്കിയ അന്നത്തെ മേയറെയും കോര്പ്പറേഷന് സെക്രട്ടറിയെയും കൗണ്‍സില്‍ ക്ലാര്‍ക്കിനെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിക്കുന്ന തരത്തില്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവിറക്കിയതും ബിജെപി അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു. ഈ വിഷയത്തില്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജും ധരിച്ചാണ് ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിലെത്തിയത്.
2020 ഫെബ്രുവരി 22ലെ കൗണ്‍സില്‍ യോഗത്തില്‍ ഉപാസന ആശുപത്രിക്ക് മുന്നിലായി ബസ് ടെര്‍മിനല്‍ കം ഷോപ്പിംങ്ങ് കോംപ്ലക്സ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി സംരക്ഷിക്കുന്നതിനായി ചുറ്റുമതില്‍ കെട്ടുന്ന തീരുമാനം പണ്ടിന്നീട് തിരുത്തിയതാണ് വിവാദമായത്. മിനിട്ട്സില്‍ തിരുത്തല്‍ വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുണ്ടയ്ക്കല്‍ സ്വദേശി ശ്രീജിത് ബാബു വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.
മിനിട്ട്സ് തിരുത്തിയത് അഴിമതിക്ക് കൂട്ടു നില്ക്കാന്: ടി.ജി. ഗിരീഷ്
സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ സഹായം ചെയ്യുകയും കോര്പ്പറേഷന് മിനിട്സ് തിരുത്തി മതില് നിര്‍മ്മാണം ഒഴിവാക്കി അതേ വര്‍ഷം തന്നെ ഭൂമി മറ്റൊരാള്‍ക്ക് ഭൂമി വില്‍ക്കുന്നതിന് ഒത്താശ ചെയ്തു കൊടുത്ത അന്നത്തെ മേയര്‍, സെക്രട്ടറി, കൗണ്‍സില്‍ ക്ലര്‍ക്ക് എന്നിവരെ വിചാരണ ചെയ്ത് തുറുങ്കിലടക്കുന്നതിന് പകരം സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചത് കോര്പ്പറേഷന് മേല്‍ പതിച്ച തീരാകളങ്കമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ കോര്പ്പറേഷന് തയ്യാറാകണം.
വിഷയം പഠിച്ചിട്ട് പ്രതികരിക്കാം: മേയര്‍
മിനിട്ട്സ് തിരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനത്തിന് എതിരെയുള്ള സര്‍ക്കാര്‍ ഉത്തരവ് കിട്ടിയിട്ടില്ല. വിഷയം പഠിച്ചതിന് ശേഷം പ്രതികരിക്കാം. അജണ്ടയ്ക്ക് പുറത്തുള്ള വിഷയങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കാന്‍ രേഖാമൂലം മുന്‍കൂര്‍ അനുമതി വാങ്ങണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: