പാലക്കാട്: പെരുവെമ്പ് മന്ദക്കാവ് ചോറക്കോട് കനാലിനടുത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. പല്ലശ്ശന അണ്ണാക്കോട് സ്വദേശി അയ്യപ്പന് എന്ന ബഷീറിനെ(46) യാണ് തമിഴനാട് അതിര്‍ത്തിയില്‍ നിന്നും പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഗോവിന്ദാപുരം ചെമ്മണാംപതി വടക്കേ കോളനിയില്‍ ബാപ്പുസായിയുടെ മകള്‍ ജാന്‍ബീവി (46)ആണ് കൊല്ലപ്പെട്ടത്. ഏഴാംതീയതി രാത്രിയായിരുന്നു കൊല നടന്നത്. എട്ടാം തീയതി പുലര്‍ച്ചെ ബൈക്കില്‍ ഗോവിന്ദാപുരം ചെക്ക്പോസ്റ്റ് വഴി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.
ബഷീറും, ജാന്‍ബീവിയും പത്ത് വര്‍ഷമായി ഒരുമിച്ചാണ് താമസം. ഇരുവരും തമ്മില്‍ തര്‍ക്കവും രൂക്ഷമായിരുന്നു. സംശയമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം രാത്രി പെരുവമ്പലിലെ റോഡോരത്ത് വച്ചും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്നാണ് ഇരുവരും കനാല്‍ക്കരയില്‍ എത്തിയത്. തുടര്‍ന്ന് മദ്യപിക്കുകയും മറ്റും ചെയ്തു. തുടര്‍ന്നാണ് ഉറങ്ങുകയായിരുന്ന ജാന്‍ബീവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
കൃത്യത്തിന് ശേഷം തമിഴ്നാട്ടിലെ ബന്ധുവീടുകളില്‍ അഭയം തേടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ഇന്നലെ രാവിലെ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും പോലീസ് ഇയാളെ പിടികൂടിയത്.വിവാഹമോചിതയായ ജാന്‍ബീവി കഴിഞ്ഞ 10 വര്‍ഷമായി ഇയാള്‍ക്കൊപ്പമാണ് താമസം. പെരുവെമ്പ് പ്രദേശത്തെ പറമ്പുകളിലും നെല്പാടങ്ങളിലും പണിയെടുത്തും, മരം വെട്ടിയുമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. അയ്യപ്പന്റെ ആദ്യ ഭാര്യ മരിച്ചു. രണ്ട് മക്കളുണ്ട്. ജാന്‍ബീവിയുടെ മകള്‍ വിവാഹിതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: