തിരുവനന്തപുരം: കൊവിഡ് കേസുകൾ കുത്തനെ കൂടിയതോടെ കേരളം അടച്ചിടൽ ആശങ്കയുടെ വക്കിൽ നിൽക്കെ സമൂഹ തിരുവാതിര സംഘടിപ്പിച്ച് സിപിഎം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പാറശാലയിലാണ് മെഗാതിരുവാതിര അരങ്ങേറിയത്. തിരുവാതിരയിൽ അഞ്ഞൂറ്റി അന്‍പതോളം പേരാണ് പങ്കെടുത്തത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉള്‍പ്പടെയുള്ള നേതാക്കളായിരുന്നു കാഴ്ചക്കാർ.
ജനാധിപത്യ മഹിളാ അസോസിയേഷന് പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് പരമാവധി 150 പേര് മാത്രമേ പങ്കെടുക്കാവൂ എന്ന ഉത്തരവ് നിലനില്‍ക്കെയാണ് അഞ്ഞൂറ്റി അന്‍പതോളം പേരെ പങ്കെടുപ്പിച്ച് തിരുവാതിര നടത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിട്ടും പൊലീസ് ഇതൊന്നും കാണാതെ സുരക്ഷയൊരുക്കി.
വിവാഹ-മരണ ചടങ്ങുകളിൽ പങ്കെടുക്കാവുന്നത് പരാമവധി 50 പേരാണ്. പൊതുപരിപാടികൾ ഓൺലൈനാക്കാനും പൊതുയോഗങ്ങൾ കഴിവതും ഒഴിവാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാൽ ഇതെല്ലാം സിപിഎം സമ്മേളനങ്ങൾക്ക് ബാധകമല്ലെന്നാണ്. കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തിലും 250ലേറെ പേരാണ് പങ്കെടുക്കുന്നത്. കോഴിക്കോട് ബീച്ച് സമുദ്ര ഓഡിറ്റോറിയത്തിൽ ആണ് ജില്ലാ സമ്മേളനം നടക്കുന്നത്. പൊതുസമ്മേളനത്തിലേക്ക് പൊതുജനം വരേണ്ടെന്നാണ് നിലവിലെ നിർദ്ദേശം.
മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തിൽ ഉടനീളം പങ്കെടുക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾ രാത്രികാല, വാരാന്ത്യ നിയന്ത്രണങങ്ങളിലേക്ക് ഒക്കെ കടന്നപ്പോഴും, സിപിഎം സമ്മേളനങ്ങൾ കാരണമാണ് കേരളം കടുത്ത നടപടികളെടുക്കാത്തത് എന്ന് അഭിപ്രായമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: