മാനന്തവാടി: വയനാട് ജില്ലയില്‍ മാവോയിസ്റ്റ് ഓപ്പറേഷന്‍ ശക്തമാക്കി പോലീസ്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ആന്റി നക്‌സല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മാനന്തവാടി തലപ്പുഴ കേന്ദ്രീകരിച്ച് ഓപ്പറേഷന്‍ നടക്കുന്നതായും സൂചന. അതിനിടെ ഏതാനും ചില മാവോയിസ്റ്റുകള്‍ കീഴടങ്ങാനും സാധ്യതയെന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ രണ്ട് ദിവസമായി തവിഞ്ഞാല്‍ പഞ്ചായത്തിലെ ചന്ദനതോട്, ബോയിസ് ടൗണ്‍, കമ്പമല, മക്കിമല എന്നീ പ്രദേശങ്ങളില്‍ ആന്റി നക്‌സല്‍ സ്‌ക്വാഡിന്റെ പ്രത്യേക സംഘമാണ് മാവോയിസ്റ്റ് ഓപ്പറേഷന് നേതൃത്വം നല്‍കുന്നത്. ലോക്കല്‍ പോലീസിന് പോലും ഇവരുടെ ഓപ്പറേഷനെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ മാനന്തവാടിയിലും പരിസരത്തെയും പോലീസ് സ്‌റ്റേഷനുകളില്‍ പോലീസ് സേനകളെ പ്രത്യേകം സജ്ജമാക്കിയിരക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും മാവോ നേതാക്കളായ വി.ജി. കൃഷ്ണമൂര്‍ത്തി, കവിത എന്ന സാവിത്രിയേയും പോലീസ് പിടികൂടുകയും കബനി ദളം സെക്കന്റ് കമാന്റ് ലിജേഷ് പോലീസിന് കീഴടങ്ങുകയും ചെയ്തതോടെ മാവോ സംഘം ബലം ഏറെ കുറഞ്ഞതായാണ് പോലീസിന്റെ കണക്ക് കൂട്ടല്‍. ഇനി പോലീസ് ടാര്‍ജറ്റ് ചെയ്തിരിക്കുന്നത് ജയണ്ണ, വിക്രം ഗൗഡ, സുന്ദരി, സോമന്‍ എന്നിവരാണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ പോലീസോ ആന്റി നക്‌സല്‍ സ്‌ക്വാഡോ തയ്യാറായിട്ടുമില്ല.
ഓപ്പറേഷന്റെ ഭാഗമായി ഇന്നലെയും സ്‌ക്വാഡ് രംഗത്ത് ഉണ്ടെന്നാണ് അറിയുന്നത്. മാവോ നേതാക്കളുടെ കീഴടങ്ങലും അണിയറയില്‍ നടക്കുന്നതായാണ് ലഭിക്കുന്ന വിവരം. മാവോ സംഘബലം കുറഞ്ഞതും സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജും കീഴടങ്ങള്‍ പ്രക്രിയക്ക് ആക്കം കൂട്ടിയതായാണ് അറിയാന്‍ കഴിയുന്നത്. എന്തായാലും ഓപ്പറേഷന്റെ ഭാഗമായി മാവോവാദികളെ പിടിക്കുടുമോ അതോ ആയുധം താഴെ വെച്ച് കീഴടങ്ങുമോ എന്ന കാര്യം വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: