കൊച്ചി: കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പിനു പിന്നിലെ യഥാര്‍ഥ ലക്ഷ്യം കണ്ടെത്തണമെന്ന് ഹൈക്കോടതി. ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലുള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാലാം പ്രതി ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍ നല്കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.
പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ലാഭകരമല്ലാതിരുന്നിട്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് കാരണമെന്താണെന്ന് അന്വേഷിച്ചു കണ്ടെത്തണമെന്നും ജസ്റ്റിസ് കെ. ഹരിപാല്‍ ആവശ്യപ്പെട്ടു. തീവ്രവാദം, ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് തുടങ്ങിയവയുമായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ അഭിപ്രായം.
കൂട്ടുപ്രതി കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിലിനെ ബെംഗളൂരുവില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. ഇയാള്‍ക്ക് പാകിസ്ഥാന്, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളിലെ പൗരന്മാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇബ്രാഹിം പുല്ലാട്ടിലിന് 168 പാക് പൗരന്മാരുമായി ബന്ധമുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. വന്‍തുകയ്ക്ക് ഇയാള്‍ കോള്‍ റൂട്ടുകള്‍ പാക്, ചൈന, ബംഗ്ലാദേശ് സ്വദേശികള്‍ക്ക് വിറ്റെന്നും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ഉപയോഗിച്ചിരുന്ന സോഫ്ട് സ്വിച്ചിന്റെ ക്ലൗഡ് സെര്‍വര്‍ ചൈനയിലാണെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചു. തുടര്‍ന്നാണ് ഇയാള്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടെന്നു വിലയിരുത്തി ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ഐടി നിയമത്തിലെ വകുപ്പുകള്‍ ചുമത്താന്‍ പ്രഥമദൃഷ്ട്യാ വസ്തുതകളുണ്ടെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. വന്‍തോതില്‍ സമാന്തര എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വ്യക്തമാക്കി മിലിട്ടറി ഇന്റലിജന്‍സ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: