‘സുഭാഷ് ചന്ദ്രബോസ് ആരാണ്? ജപ്പാന്റെ ചെരുപ്പുനക്കി’ കമ്യൂണിസ്റ്റുകാരുടെ ചോദ്യവും ഉത്തരവും അങ്ങനെയായിരുന്നു. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം കമ്യൂണിസ്റ്റുകാരുടെ കണ്ണിലെ കരടായിരുന്നല്ലൊ. രണ്ടാം ലോകമഹായുദ്ധക്കാലത്ത്, ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് ‘ഇത് നമ്മുടെ യുദ്ധം’ എന്നാണ് അന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിളിച്ച മുദ്രാവാക്യം, അതില്‍ അവര്‍ അഭിമാനം കൊണ്ടു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തവരെ ഒറ്റിക്കൊടുക്കുകയായിരുന്നു അവരുടെ പണി. അങ്ങനെ ഒറ്റുകാരെന്ന പേരുകിട്ടി. ബ്രിട്ടന് അനുകൂലമായ പണി ചെയ്തതിന് ഒരുപാട് പാരിതോഷികങ്ങളും അവര്‍ക്ക് കിട്ടി.
ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി രജനി പാല്‍മേ ദത്ത്, ‘ദ ഡെയ്ലി വര്‍ക്കര്‍’ പത്രത്തിന്റെ ഹാരിപോളിറ്റ് എന്നിവരായിരുന്നു പണം കൈമാറ്റത്തിന്റെ ചുമതലക്കാര്‍. ഈ പണം ഉപയോഗിച്ച് മുംബൈയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പാര്‍ട്ടി കോണ്‍ഗ്രസ് നടത്തി. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പണം സ്വീകരിച്ചതായി ഇ.എം.ശങ്കരന് നമ്പൂതിരിപ്പാട് സമ്മതിച്ചിട്ടുണ്ട്. 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അതിനെ അംഗീകരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ തയ്യാറായിരുന്നില്ല. സ്വാതന്ത്ര്യസമരത്തിന് എതിരായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ നിലപാട് എന്ന സത്യം പുതു തലമുറ അറിയാതിരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. സോവ്യറ്റ് യൂണിയന് ശക്തിപ്പെട്ടതുകൊണ്ടാണ് ഇന്ത്യവിട്ടുപോകാന്‍ ബ്രിട്ടന് തയ്യാറായതെന്ന് പിബി മെമ്പര്‍ കോടിയേരി ബാലകൃഷ്ണന് അടുത്തിടെ പ്രസ്താവിച്ചത് വിസ്മരിച്ചുകൂടാ. സ്വാതന്ത്ര്യസമരത്തിലെ നിര്‍ണായക ഘട്ടത്തില്‍ ബ്രിട്ടീഷുകാരുമായി സന്ധിചെയ്ത ചരിത്രമാണ് കമ്മ്യൂണിസ്റ്റുകള്‍ക്കുള്ളത്. സ്വാതന്ത്ര്യ പോരാട്ടത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് സമ്മതിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത് സംബന്ധിച്ച ഒരു പുതിയ പുസ്തകം തട്ടിക്കൂട്ടുകയാണ്. സമരത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് വലിയ പങ്കുണ്ടെന്ന് വരുത്തിതീര്‍ക്കുകയാണ് ലക്ഷ്യമെന്ന് പറയുമ്പോള്‍ ഉദ്ദേശ്യം വ്യക്തമാണ്.
ആഗസ്റ്റ് 15 നെ ‘ആപത്ത് 15’ എന്ന് വിശേഷിപ്പിച്ചവരാണ് ഇപ്പോള്‍ ആഗസ്റ്റ് 15 നെ വലിയ നേട്ടമായി വര്‍ണിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ നഖശിഖാന്തം എതിര്‍ത്തവരുടെ പുതിയ അവതാരം രസാവഹമാവുകയാണ്.
കേരളം നിറയെ ജയിലുകള്‍?
മഹാമാരി ഒരിക്കല്‍ക്കൂടി ഇന്ത്യയില്‍ പിടിമുറുക്കുകയാണ്. രോഗം പടരുമ്പോള്‍ പലവിധ പരിഹാര നടപടികളുമായി രാജ്യം മുന്നോട്ട് പോകുന്നു. പട്ടിണിയില്ലാതെ കഴിയാനും രോഗം പടരാതിരിക്കാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുന്നു. മഹാമാരി അതികഠിനമായപ്പോള്‍ 80 കോടി ജനങ്ങള്‍ക്ക് പട്ടിണിയില്ലാതെ കഴിയാനുള്ള സൗകര്യങ്ങള്‍ ഒരുക്കി. അത് വീണ്ടും ആവര്‍ത്തിക്കേണ്ട സാഹചര്യത്തിലേക്കെത്തുകയാണ്. ഒരുഭാഗത്ത് ഇതൊക്കെ ആവേശപൂര്‍വ്വം നടക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ജയിലുകള്‍ പണിയുന്നതിന്റെ ആവേശത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
രണ്ട് ഓപ്പണ്‍ ജയിലുകളടക്കം 13 പുതിയ ജയിലുകള്‍ പണിയാനാണ് പദ്ധതി. നാഷണല്‍ ക്രൈം റിക്കാഡ് ബ്യൂറോ അനുസരിച്ച് കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കുറയുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നിട്ടും എന്തേ ജയിലുകള്‍ കൂടുതല്‍ നിര്‍മ്മിക്കുന്നു എന്ന ചോദ്യം പ്രസക്തമല്ലേ?
തവനൂരില്‍ പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഒരു ജയില്‍ ഉടന്‍ തുടങ്ങുമെന്ന് പറയുന്നു. കൂത്തുപറമ്പ് സബ്ജയിലും തളിപ്പറമ്പ് റൂറല്‍ ജില്ലാ ജയിലും ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പറയുന്നു. മണിമല, വാഗമണ്‍ എന്നിവിടങ്ങളിലാണ് ഓപ്പണ്‍ ജയില്‍. പുതിയ ജയിലുകളില്‍ ആയിരത്തിലേറെ പേരെ പാര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ 550 പേരെ പാര്‍പ്പിക്കാന്‍ കഴിയും.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉള്‍പ്പെടെ 55 ജയിലുകള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ രണ്ട് ഓപ്പണ്‍ ജയിലും ഒരു ഓപ്പണ്‍ വനിതാ ജയിലും പ്രവര്‍ത്തിക്കുന്നു. മൂന്ന് വനിതാ ജയിലുകള്‍ വെറെയുമുണ്ട്. അതിന് പുറമെ ഒരു അതിസുരക്ഷാ ജയിലുമുണ്ട്. കുട്ടിക്കുറ്റവാളികളെ പാര്‍പ്പിക്കാന്‍ ഒരു ബോസ്റ്റല്‍ ജയിലും പ്രവര്‍ത്തിക്കുന്നു. ഒരു നൂറ്റാണ്ടിനുശേഷമാണ് ഒരു സെന്‍ട്രല്‍ ജയിലിന്റെ നിര്‍മാണം തവനൂരില്‍ പുരോഗമിക്കുന്നത്. നാട് പുരോഗമിക്കുകയല്ലെന്ന് ആര്‍ക്ക് പറയാന്‍ കഴിയും. ആന്തൂരില്‍ ഒരു കണ്വെന്ഷന് സെന്ററിന്റെ പണി പൂര്‍ത്തിയാക്കാതെ ഒരാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നില്ലെ? പുനലൂരില്‍ ഒരു മോട്ടോര്‍ വര്‍ക് ഷോപ്പിന്റെ പണി പാതിവഴിക്ക് നിര്‍ത്തി മറ്റൊരാളും തൂങ്ങി മരിച്ചില്ലെ? ഇതൊക്കെയല്ലെ പൊതുജനങ്ങള്‍ക്ക് ചെയ്യാനൊക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: