പത്തനംതിട്ട: പെരുമഴയും പ്രളയവും കഴിഞ്ഞ് പച്ചപിടിച്ച റബര്‍ ഉത്പ്പാദനം വിലയിടിവില്‍ വീണ്ടും പ്രതിസന്ധിയിലായി. റബര്‍ കറ കൂടുതലായി ലഭിക്കുന്ന ഡിസംബര്‍, ജനുവരി മാസങ്ങളിലുണ്ടായ വിലയിടിവ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 185-190 രൂപ ലഭിച്ചുകൊണ്ടിരുന്നത് ഏതാനും ദിവസമായി 155-160 എന്ന നിലയിലേക്ക് താണു.
ഗ്രേഡ് ഇല്ലാത്ത റബറിന് 145 രൂപയായിരുന്നു വില. ഒട്ടുകറയ്ക്ക് 110 രൂപയായിരുന്നത് നൂറായി കുറഞ്ഞു. ടാപ്പിങ് തൊഴിലാളികള്‍ക്ക് കൂലി നല്കാന് പോലും വരുമാനം തികയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. മേയ് മുതല്‍ നവംബര്‍ വരെയുണ്ടായ കനത്ത മഴ സമയത്ത് ടാപ്പിങ് നിറുത്തിവച്ചിരുന്നു. ഈ സമയത്ത് വിലയില്‍ വര്‍ദ്ധനവുണ്ടായി. എന്നാല്‍, മഴ മാറുകയും മഞ്ഞ് കൂടുകയും ചെയ്തതോടെ ഉത്പ്പാദനം വര്‍ദ്ധിച്ചു. റബര്‍ കര്‍ഷകരും ടാപ്പിങ് തൊഴിലാളികളും ആശ്വാസത്തിലായ സമയത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ വിലയിടിവുണ്ടായത്. ഇതോടെ റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇടത്തരം, ചെറുകിട കര്‍ഷകര്‍ ബുദ്ധിമുട്ടിലായി. മഴ മാറിയ ഡിസംബറിലാണ് ഉത്പ്പാദനം വര്‍ദ്ധിച്ചത്.
ഒരു മാസം നല്ല നിലയില്‍ റബര്‍ കറ ലഭിച്ചുകൊണ്ടിരുന്നതിനിടെയാണ് വിലയിടിവുണ്ടായത്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കര്‍ഷകരെ വിലയിടിവ് നിരാശപ്പെടുത്തി. മഴക്കാലത്ത് വെള്ളം കയറിക്കിടന്ന പ്രദേശങ്ങളിലെ റബര്‍ മരങ്ങള്‍ക്ക് രോഗബാധയുണ്ട്.ഇവിടങ്ങളില്‍ മരങ്ങളുടെ ഇലകള്‍ നേരത്തെ കൊഴിഞ്ഞു തുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു. കറയുടെ അളവിലും കുറവ് ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: