കോഴിക്കോട്: ക്വിറ്റിന്ത്യാ സമരം ‘പൊളിഞ്ഞ സമര’മായിരുന്നെന്നും മലബാര്‍ കലാപം ‘ലോകം ശ്രദ്ധിച്ച, സാമ്രാജ്യത്വത്തെ കിടിലംകൊള്ളിച്ച സമര’മായിരുന്നുവെന്നും ആവര്‍ത്തിച്ച് സിപിഎം. ഇന്നലെ ആരംഭിച്ച സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പ്രകാശനം ചെയ്ത ‘കമ്മ്യൂണിസ്റ്റുകാരും സ്വാതന്ത്ര്യ സമരവും’ എന്ന പുസ്തകത്തിലാണ് ഭാരത സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച കമ്മ്യൂണിസ്റ്റ് ചരിത്രം വിശദീകരിക്കപ്പെടുന്നത്.
കോണ്‍ഗ്രസും ഗാന്ധിയും ഒന്നും നേരെയാവില്ലെന്ന മനോഭാവത്തിലായിരുന്നുവെന്നും ‘ഇന്ത്യ വിടുക സമരം’ ഏതാണ്ട് ഒരു കൊല്ലത്തിനകം പൊളിഞ്ഞുവെന്നും പുസ്തകത്തില്‍ പറയുന്നു. 1942ലെ ഇന്ത്യ വിടുക സമരം കഴിഞ്ഞ് അഞ്ച് കൊല്ലത്തേക്ക് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയില്ലെന്നും രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ മാത്രമല്ല മറ്റ് അയല്‍ രാജ്യങ്ങളിലും സ്വാതന്ത്ര്യം കിട്ടിയത് സോവിയറ്റ് നേതൃത്വത്തിലുള്ള ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ വിജയം കൊണ്ടായിരുന്നുവെന്നുമുള്ള കമ്മ്യൂണിസ്റ്റ് നിലപാട് പുസ്തകത്തിലൂടെ വ്യക്തമാക്കുന്നു.
രണ്ടാം ലോകയുദ്ധത്തിന്റെ രണ്ടു ഘട്ടങ്ങളിലും ശരിയായ നിലപാടാണ് സിപിഐ എടുത്തതെങ്കിലും ചില അടവുകളില്‍ ഗൗരവമായ തെറ്റുപറ്റി എന്ന് ബസവ പുന്നയ്യയുടെ ലേഖനത്തിലൂടെ ഏറ്റു പറയുന്നുണ്ട്. എന്നാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ലേഖനത്തില്‍ ഇതിനെ വ്യത്യസ്തമായാണ് വിലയിരുത്തുന്നത്. ‘വിരുദ്ധയുദ്ധം ഒരു പുനഃസൃഷ്ടിക്ക് കാരണമായി എന്ന സത്യം പ്രചരിപ്പിക്കുന്നതിനിടയില്‍ പാര്‍ട്ടി താത്ക്കാലികമായി ഒറ്റപ്പെട്ടു എന്നത് ശരി തന്നെ. എന്നാല്‍ ഇത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയില്ല. പ്രത്യേകിച്ചും പാര്‍ട്ടി ഒരു പ്രധാന രാഷ്‌ട്രീയശക്തിയായി വികസിച്ചിട്ടുള്ള സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും. ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിന്റെ ആരംഭം മുതല്‍ യുദ്ധാന്ത്യം വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍ തൊഴിലാളി ബന്ധവും സ്വതന്ത്രവുമായ ഒരു ശക്തിയായി അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായത്’ എന്നാണ് ഇഎംഎസിന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. ക്വിറ്റിന്ത്യാ സമരത്തെ പിന്നില്‍ നിന്ന് കുത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കിയെന്നാണ് നമ്പൂതിരിപ്പാടിന്റെ ലേഖനത്തിലുള്ളത്.
സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജിയുടെ പങ്കിനെ ഇകഴ്‌ത്തിപ്പറയുകയും ക്വിറ്റിന്ത്യാ സമരം അപ്രസക്തമാണെന്നും വിവരിക്കുന്ന പുസ്തകം മാപ്പിള ലഹളയെക്കുറിച്ച് എ.കെ. ഗോപാലന്റെ പ്രസംഗം ഉദ്ധരിച്ച് അതിനെ ദേശഭക്തരായ യുവാക്കളുടെ ധീരസമരം, യഥാര്‍ത്ഥ സമരം എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. ‘കീഴാളരുടെ കണ്ണീരിലും ചോരയിലും കുതിര്‍ന്ന ആത്മാഭിമാനത്തിന്റെ അസ്വാസ്ഥ്യജനകമായ ഒരാഘോഷം തന്നെയാണ് മാപ്പിളക്കലാപ’മെന്നാണ് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് തന്റെ ലേഖനത്തില്‍ പറയുന്നത്.
എം.എന്‍. റോയ്, അബനി മുഖര്‍ജി, ഇഎംഎസ്, ബസവ പുന്നയ്യ, ഇര്‍ഫാന്‍ ഹബീബ് എന്നിവരുടെ ലേഖനങ്ങളോടൊപ്പം പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.ബി. രാജേഷ് തുടങ്ങിയവരുടെ ലേഖനങ്ങളുമുണ്ട്. കേളുഏട്ടന്‍ പഠന കേന്ദ്രമാണ് പുസ്തകം പ്രസിദ്ധികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: