ബംഗളൂരു: വായ്പയ്ക്കുള്ള അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് 33കാരന് കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ ബാങ്ക് ഓഫീസിന് തീയിട്ടു. റാട്ടിഹള്ളി ടൗണില്‍ താമസിക്കുന്ന വസീം ഹസരത്സാബ് മുല്ലയാണ്ബാങ്കിന് തീയിട്ടത്. ഹെഡുഗൊണ്ടയിലെ കാനറ ബാങ്ക് ശാഖയില്‍ നിന്ന് വായ്പയെടുക്കാന്‍ മുല്ല അപേക്ഷ സമര്‍പ്പിച്ചിരുന്നു. സിബില്‍ സ്കോര്‍ കുറവായതിനാല്‍ ബാങ്ക് അപേക്ഷ നിരസിച്ചു.
വായ്പാ അപേക്ഷ നിരസിച്ചതില്‍ പ്രകോപിതനായ മുല്ല ശനിയാഴ്ച രാത്രി ബാങ്കിന്റെ ശാഖയില്‍ എത്തി. ജനല്‍ തകര്‍ത്ത് ബാങ്കിന്റെ ഓഫീസിനുള്ളില്‍ പെട്രോള്‍ ഒഴിച്ചു. തുടര്‍ന്ന് ഓഫീസിന് തീയിട്ടു. വഴിയാത്രക്കാര്‍ പുക ഉയരുന്നത് കണ്ട് പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു.
തീപിടിത്തത്തില്‍ 12 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പോലീസ് പറഞ്ഞു. അഞ്ച് കമ്പ്യൂട്ടറുകള്‍, ഫാനുകള്‍, ലൈറ്റുകള്‍, പാസ്ബുക്ക് പ്രിന്റര്‍, പണം എണ്ണുന്ന യന്ത്രം, രേഖകള്‍, സിസിടിവികള്‍, ക്യാഷ് കൗണ്ടറുകള്‍ എന്നിവ നശിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് 436, 477, 435 വകുപ്പുകള്‍ പ്രകാരം കാഗിനെല്ലി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: