Categories: Alappuzha

മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പെര്‍മിറ്റിന്റെ മറവില്‍ വൻ ക്രമക്കേട്, മൊത്തവ്യാപാരികള്‍ സര്‍ക്കാര്‍ പെര്‍മിറ്റ് കൈക്കലാക്കുന്നു

മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പെര്‍മിറ്റ് കൈക്കലാക്കി വന്‍തോതില്‍ മണ്ണെണ്ണ ശേഖരിക്കുന്ന വ്യാപാരികള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും കവചിത ലോറിയില്‍ കൊണ്ടുവരുന്ന വ്യാജ മണ്ണെണ്ണയില്‍ കൂട്ടി വില്‍ക്കുന്നതായാണ് ആക്ഷേപം.

Published by

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ക്ക് നല്‍കുന്ന മണ്ണെണ്ണ പെര്‍മിറ്റിന്റെ മറവില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി ആരോപണം. പരിശോധനയില്‍ വള്ളവും എന്‍ജിനും പരിശോധിച്ചാണ് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ മണ്ണെണ്ണ പെര്‍മിറ്റ് ലഭിച്ചതിനുശേഷം ഈ പെര്‍മിറ്റുകള്‍ മണ്ണെണ്ണ വ്യാപാരികള്‍ കുറഞ്ഞ വിലയ്‌ക്ക് കൈക്കലാക്കുന്നതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

മണ്ണെണ്ണ മൊത്തവ്യാപാരികള്‍ മത്സ്യത്തൊഴിലാളികളില്‍നിന്ന് സര്‍ക്കാര്‍ പെര്‍മിറ്റ് കൈക്കലാക്കുകയും സബ്‌സിഡി മണ്ണെണ്ണ ഇരട്ടി വിലയ്‌ക്ക് മറിച്ച് വില്‍ക്കുകയുമാണ് ചെയ്യുന്നത്. തീരദേശം കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ മണ്ണെണ്ണ കൊള്ളയടിക്കുന്നത്. സാധാരണ മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടിക്കെതിരേ പ്രതിഷേധം ശക്തമായിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

ഇത്തരത്തില്‍ മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പെര്‍മിറ്റ് കൈക്കലാക്കി വന്‍തോതില്‍ മണ്ണെണ്ണ ശേഖരിക്കുന്ന വ്യാപാരികള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും കവചിത ലോറിയില്‍ കൊണ്ടുവരുന്ന വ്യാജ മണ്ണെണ്ണയില്‍ കൂട്ടി വില്‍ക്കുന്നതായാണ് ആക്ഷേപം. ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന വ്യാജ മണ്ണെണ്ണ ഉപയോഗിക്കുന്നതിലൂടെ വള്ളങ്ങളുടെ എന്‍ജിന്‍ തകരുകയും മത്സ്യത്തൊഴിലാളികള്‍ക്ക് വന്‍ കടബാധ്യത ഉണ്ടാകുന്നതും പതിവാണ്. 

വരുന്ന 16നാണ് കേരളത്തിലെ മുഴുവന്‍ വള്ളങ്ങളും എന്‍ജിനുകളും മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായി പരിശോധന നടക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക