കൊച്ചി: കേരള പൊലീസ് തനിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടന് ദിലീപ്.
ദിലീപ് കൂടി പ്രതിയായ നടിയ്ക്കെതിരായ ലൈംഗികപീഡനക്കേസിലെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കിയെന്ന് ആരോപിച്ചാണ് നടന് ദിലീപുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേരള പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ പുതിയ കേസില്‍ പ്രതികളായ ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നീ മൂന്ന് പേരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ക്രൈംബ്രാഞ്ചും കേരള പൊലീസും ചേര്‍ന്നാണ് പുതിയ കേസ് ദിലീപിനും മറ്റ് അഞ്ചു പേര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ പരാതിയിലാണ് കേസെടുത്തത്. ദിലീപ് ഒന്നാം പ്രതിയാണ്. രണ്ടാം പ്രതി ദിലീപിന്റെ സഹോദരന് അനൂപ്, മൂന്നാം പ്രതി സുരാജ്, നാലംപ്രതി അപ്പു, അഞ്ചാംപ്രതി ബാബു ചെങ്ങമനാട്, ആറാം പ്രതി കണ്ടാലറിയാവുന്ന ഒരാള്‍ എന്നിങ്ങനെയാണ് കേസെടുത്തിരിക്കുന്നത്. ഗൂഡാലോചനയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസ്. ഐപിസി 116സ118, 120 ബി, 506, 34 വകുപ്പുകള്‍ പ്രകാരം തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസെടുത്തത്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ്. ദിലീപും മറ്റ് പ്രതികളും കൂടി നടത്തിയ സംഭാഷണത്തിന്റേതെന്നു പറയുന്ന ശബ്ദസന്ദേശങ്ങളും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഇതിനിടെ, സംവിധായകന് ബാലചന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച പുതിയ ആരോപണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വേണം വിചാരണ തുടങ്ങാനെന്ന് മുഖ്യമന്ത്രിയോട് കേസില്‍ ഇരയായ നടി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഈ നടി സമൂഹമാധ്യമത്തില്‍ ഒരു അതിജീവനക്കാരിയെന്ന നിലയിലുള്ള തന്റെ യാത്രയെക്കുറിച്ച് ഒരു വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ ദുരന്തസംഭവത്തിന് ശേഷം അവര്‍ അതജീവിച്ച നിരവധി പരീക്ഷണങ്ങളെക്കുറിച്ചും കുറിപ്പില്‍ പ്രതിപാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: