ന്യൂദല്‍ഹി: മുസ്ലിം യുവതികളെ ഓണ്‍ലൈനില്‍ വില്പനയ്ക്ക് വെച്ച സുള്ളി ഡീല്‍സിന്റെ സൂത്രധാരനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 25 കാരനായ ഓംങ്കാരേശ്വര്‍ താക്കൂറിനെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ഇദ്ദേഹമാണ് വിവാദമായ സുള്ളി ഡീല്‍സ് എന്ന ആപ് രൂപകല്പന ചെയ്തത്. മുസ്ലിം യുവതികളെ ഓണ്‍ലൈനില്‍ വില്പനയ്ക്ക് വെച്ചെന്ന് മാത്രമല്ല, അവരുടെ അനുവാദമില്ലാതെ അവരുടെ ചിത്രം മോര്‍ഫ് ചെയ്ത് ഉപയോഗിക്കുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഓംങ്കാരേശ്വര്‍ പറഞ്ഞത് താന്‍ ട്രാഡ് ഗ്രൂപ്പിന്റെ ഭാഗമാണെന്നാണ്. ഇതാദ്യമായാണ് ഓണ്‍ലൈനുമായി ബന്ധപ്പെട്ട് ട്രാഡ് എന്ന പദം ദല്‍ഹി പൊലീസ് കേള്‍ക്കുന്നത്.
കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഓംങ്കാരേശ്വര്‍ ഈ പദം കൂടുതല്‍ വിശദീകരിച്ചു. ട്രാഡ് ഗ്രൂപ്പ് എന്നാല്‍ ടെലഗ്രാം, റെഡ്ഡിറ്റ്, 4ചാന്, ഡിസ്കോര്‍ഡ് എന്നീ സമൂഹമാധ്യമങ്ങളില്‍ അംഗളായവരുടെ ഗ്രൂപ്പാണ്. ഇവര്‍ ഇത്തരം ഗ്രൂപ്പുകളില്‍ ലക്ഷ്യമാക്കുന്നത് ദളിതരെയും മുസ്ലിങ്ങളെയും സ്ത്രീകളെയുമാണ്. ട്വിറ്ററിലാണ് ചില അജണ്ടകളുടെ അടിസ്ഥാനത്തില്‍ ഈ ട്രാഡ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ പലര്‍ക്കും സ്ത്രീ വിരുദ്ധ നിലപാടാണ്. ഇവരില്‍ പലരും ഉന്നതകുലജാതരും സമ്പന്നരുമായതിനാല് ദളിതരോടും വിരോധമുള്ളവരാണ്. എന്നാല്‍ ഇവരെ ഹിന്ദു സനാതനധര്‍മ്മത്തിന്റെ ഭാഗമായി അവതരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകളും ലിബറലുകളും ഇസ്ലാമിക ഗ്രൂപ്പുകളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ യാഥാര്‍ത്ഥ്യമില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
സുള്ളി ഡീല്‍സ് എന്ന ആപ് ഗിറ്റ് ഹബ്ബിന്റെ ഭാഗമായിരുന്നു. അന്ന് സുള്ളി ഡീല്‍സില്‍ മുസ്ലിം യുവതികളെ ഓണ്‍ലൈന്‍ വില്പനയ്ക്ക് വെച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപെടലുണ്ടായി. സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരുമായ മുസ്ലിം സ്ത്രീകളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്. പിടിക്കപ്പെട്ടേക്കും എന്ന തോന്നലുണ്ടായപ്പോള്‍ ഓംങ്കാരേശ്വര്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെല്ലാം റദ്ദാക്കി. അതോടെ പൊലീസിന്റെ വലയില്‍ നിന്നും തല്ക്കാലം രക്ഷപ്പെട്ടു.
പിന്നീട് സുള്ളി ഡീല്‍സിന്റെ അതേ മാതൃകയില്‍ ബുള്ളി ബായി എന്ന ആപ് രംഗത്ത് വരികയും അതിലും മുസ്ലിം യുവതികളെ ഓണ്‍ലൈനായി വില്പനയ്ക്ക് വെച്ച സംഭവം ഉണ്ടാതോടെയാണ് വീണ്ടും വിവാദം തലപോക്കിയത്.
പത്രപ്രവര്‍ത്തകരുള്‍പ്പെടെ നൂറില്‍പ്പരം മുസ്ലിം യുവതികളെ ഓണ്‍ലൈനില്‍ വില്പനയ്ക്ക് വെച്ച ബുള്ളി ബായി ആപിന് പിന്നിലെ മുഖ്യസൂത്രധാരന്‍ നീരജ് ബിഷ്നോയി എന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഇവര്‍ക്കാര്‍ക്കും ഹിന്ദു അജണ്ടയില്ലെന്നും പാട്രിയോടിക് പിപ്പിള്‍സ് ഫ്രണ്ട് അസം (പിപിഎഫ്എ) അഭിപ്രായപ്പെടുന്നു. ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തി ഇവരുടെ യഥാര്‍ത്ഥ മാനസികാവസ്ഥയെന്തെന്ന സത്യം പുറത്തുകൊണ്ടുവരണമെന്നാണ് പിപിഎഫ്എ അഭിപ്രായപ്പെടുന്നത്.
അസമിലെ ജോര്‍ഹടില്‍ നിന്നും അറസ്റ്റിലായ നീരജിന് വികൃതമായ ലൈംഗിക ചോദനയുള്ള വിദ്യാര്‍ത്ഥിയാണ്. രാജസ്ഥാന് സ്വദേശിയായ ഇയാള്‍ ഹിന്ദു സംഘടനകളുമായോ അത്തരം ആശയങ്ങളുമായോ ബന്ധമുള്ള വിദ്യാര്‍ത്ഥിയല്ല. ബുള്ളി ബായിക്ക് മുന്‍പുണ്ടായിരുന്ന സുള്ളി ഡീല്‍സ് എന്ന വെബ്സൈറ്റില്‍ നേരത്തെ ഒരു മുസ്ലിം വിദ്യാര്‍ത്ഥിയായ ഹസീബ അമീന്റെ ഫോട്ടോ വില്പനയ്ക്ക് വെച്ചാണ് നീരജ് രംഗത്തെത്തുന്നത്. കോണ്‍ഗ്രസിന്റെ സമൂഹമാധ്യമവിഭാഗത്തിന്റെ ദേശീയ കോഓര്‍ഡിനേറ്ററായ ഹസിബ അമിനുമായി നീരജിനുണ്ടായ നീരസത്തിന്റെ ഭാഗമായാണ് അവരുടെ ഫോട്ടോ വില്പനയ്ക്ക് വെച്ചതെന്ന് പറയുന്നു. ബുള്ളി ബായി ആപുമായി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടിയുള്‍പ്പെട്ട മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളും അറസ്റ്റിലായി. ഇവരെല്ലാം വിവിധ സംസ്ഥാനങ്ങളിലെ കോളെജ് വിദ്യാര്‍ത്ഥികളാണ്. വിശാല്‍കുമാര്‍ ജാ, മായാങ്ക് റാവത്ത്, ശ്വേത് സിങ് എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്.
നീരജ് ബിഷ്നോയിയെ ചോദ്യം ചെയ്തപ്പോഴാണ് ഓങ്കാരേശ്വറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇതാണ് സുള്ളി ഡീല്‍സിന്റെ സൂത്രധാരനായ ഓംകാരേശ്വറിന്റെ അറസ്റ്റിലേക്കെത്തിയത്. ജാവേദ് ആലം എന്ന മുസ്ലിം യുവാവാണ് തനിക്ക് വേണ്ടി ബുള്ളി ബായി എന്ന ആപ് നിര്‍മ്മിച്ചു നല്‍കിയതെന്നും നീരജ് ബിഷ്നോയി ദല്‍ഹി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ജാവേദ് ആലം എന്ന മുസ്ലിം പേര് ഓംകാരേശ്വര്‍ തന്നെ സ്വീകരിച്ച വ്യാജനാമമാണെന്ന് പറയുന്നു.
നീരജ് ബിഷ്നോയിയും കൂട്ടുകാരും തെറ്റിദ്ധരിപ്പിക്കാന്‍ സിഖുകാരുടെ പേരുകളാണ് ഇവരുടെ ട്വിറ്റര്‍ പേജുകളില്‍ ഉപയോഗിച്ചിരുന്നത്. സിഖുകാരും മുസ്ലിങ്ങളും തമ്മില്‍ അകല്‍ച്ച ഉണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പറയുന്നു. ഇതില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്.
2021 ജൂലായ് നാലിന് പത്രപ്രവര്‍ത്തകരും ഗവേഷകരും സാമൂഹ്യപ്രവര്ത്തകരുമായ 90 മുസ്ലിം സ്ത്രീകളെയാണ് ബുള്ളി ബായി ആപില്‍ വില്പനയ്ക്ക് വെച്ചത്. ഇവരുടെ ഫോട്ടോകള്‍ അനുവാദമില്ലാതെ മോര്‍ഫ് ചെയ്താണ് വില്പനയ്ക്ക് വെച്ചത്. പ്രതികള്‍ തന്നെ സൃഷ്ടിച്ച വിവിധ ട്വിറ്റര്‍ പേജുകളിലും ഇവരുടെ ഫോട്ടോ വില്പനയ്ക്ക് വെച്ചിരുന്നു. എന്നാല്‍ ഈ പ്രതികള്‍ക്കാര്‍ക്കും ഹിന്ദു അജണ്ടയില്ല. ഇവര്‍ ആരും ഏതെങ്കിലും ഹിന്ദു സംഘടനകളില്‍ അംഗവുമല്ല. എന്താണ് മുസ്ലിം പെണ്‍കുട്ടികളുടെ ചിത്രം വില്പനയ്ക്ക് വെക്കാനുള്ള പ്രചോദനമെന്തെന്നും അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: