അരിമ്പൂർ: മാറ്റുള്ള ദേശമാണ് മാറ്റുദേശം. പഴയ കാലം മുതൽ മറ്റു ദേശങ്ങളെ പരിഹസിച്ചു കൊണ്ട് കഥകളുണ്ടാക്കി രസിച്ചിരുന്ന അന്യനാട്ടുകാരുടെ ഭാവനയിൽ വിടർന്നതാണ് മാറ്റുദേശം എന്ന വിളിപ്പേര്. കേരളത്തിനകത്ത് പലസ്ഥലത്തും മാറ്റുദേശക്കാർ എന്ന പേരിൽ പരിഹാസം ഏറ്റുവാങ്ങുന്ന നിരവധി പ്രദേശങ്ങളുണ്ട്. അരിമ്പൂർ, എറവ് പ്രദേശവും ഇത്തരത്തിൽ പരിഹാസമേറ്റു തുടങ്ങിയിട്ട് നൂറിലധികം വർഷമായി കാണും എന്നാണ് പറയപ്പെടുന്നത്.
ഈ ദുർവ്യാഖ്യാനങ്ങൾക്ക് തങ്ങളുടെ കവിതകളിലൂടെ മറുപടി നൽകുകയാണ് എറവിലെ കവികളായ ഡോ.സി. രാവുണ്ണിയും, കളരിക്കൽ വിജയനും. അരിമ്പൂർ പഞ്ചായത്ത് പ്രദേശം ഒരു തുരുത്താണ്. ചുറ്റും പാടശേഖരങ്ങളാണ്. ചേറ്റുപുഴ പാടം കടന്നും പെരുമ്പുഴ പാടം കടന്നും വേണം ഇരു കരകളിലുമുള്ളവർക്ക് അരിമ്പൂരിലെത്താൻ. പണ്ട് പാലങ്ങൾ ഇല്ലാതിരുന്ന കാലത്ത് ഇരുകരകളിലേക്കും തിരിച്ചും മഴക്കാലത്തും മറ്റും യാത്ര ദുർഘടമായിരുന്നു. കഠിനാധ്വാനികളായ കർഷകരുള്ള ഫലഭൂയിഷ്ടമായ മണ്ണിൽ നൂറ് മേനി വിളയിക്കുന്ന കർഷകരുള്ള അരിമ്പൂരിന്റെ പേര് പോലും അരിവിളയുന്ന നാട് എന്നർത്ഥം വരുന്ന അരിപുരം എന്നായിരുന്നു. ഇവിടുത്തെ കൃഷിയോടും കൃഷിക്കാരോടും മറ്റു ദേശക്കാർക്കുണ്ടായ അസൂയയാണ് അപവാദക്കഥയായി മാറിയതെന്ന് കാണിച്ച് കവിതകളിലൂടെ ജനങ്ങൾക്ക് മുൻപിലേക്ക് എത്തിക്കുകയാണ് ഇരുവരും.
മാറ്റുദേശത്തെ ജനങ്ങളെയും സംസ്കാരത്തെയും കുറിച്ച് കവി ഡോ.സി. രാവുണ്ണി എഴുതിയ എട്ട് കവിതാ സമാഹാരങ്ങൾ ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിലെഴുതിയ മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം ഇന്നലെ പ്രകാശനം ചെയ്തു. എഴുതിയാൽ തീരാത്തത്ര നന്മയുടെ വശങ്ങൾ ഉള്ള തങ്ങളുടെ നാടിനെ കുറിച്ച് ” മാറ്റുദേശത്തെ കല്ലെഴുത്തുകൾ ” എന്ന കവിതാ സമാഹാരത്തിന്റെ പണിപ്പുരയിലാണ് കവി രാവുണ്ണി.
സാഹിത്യ, കലാരംഗങ്ങളിൽ സജീവമായ എറവ് സ്വദേശി കളരിക്കൽ വിജയനും (77) മാറ്റുദേശ അവഹേളനത്തിനെതിരെ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. ഇദ്ദേഹം എഴുതിയ ” മാറ്റുദേശ വിശേഷങ്ങൾ” കഴിഞ്ഞ മാസം അരിമ്പൂർ മഹാത്മാ ഗ്രന്ഥശാല പ്രകാശനം ചെയ്തിരുന്നു. എട്ട് തറയും, 72 മൂലയും എന്നറിയപ്പെട്ടിരുന്ന അരിമ്പൂരിലെ വിവിധ പ്രദേശങ്ങളെ പറ്റിയും കൃഷി, കൊയ്‌ത്ത് സമ്പ്രദായങ്ങളെ പറ്റിയുമുള്ള അരിമ്പൂരിന്റെ ചരിത്രത്തിലേക്കുള്ള എത്തിനോട്ടമാണ് വിജയന്റെ കവിതകൾ. 35 കവിതകൾ അടങ്ങുന്നതാണ് കവിതാ സമാഹാരം. ലോക്കൽ ഓഡിറ്റ് വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനാണ് കളരിക്കൽ വിജയൻ.
മാറ്റു ദേശത്തെ കുറിച്ച് ഒറ്റക്കവിതാ പഠനഗ്രന്ഥം
മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം എന്ന പേരിൽ കവി. ഡോ.സി. രാവുണ്ണി എഴുതിയ ഒറ്റകവിത ജന ശ്രദ്ധ നേടിയിരുന്നു. ഈ കവിതക്ക് പിന്തുണയേകി നിരവധി പ്രമുഖരായ നിരൂപകർ എഴുതിയ പഠന കുറിപ്പുകൾ അടങ്ങിയ ഒറ്റക്കവിതാ സമാഹാരമാണ് പുസ്തക രൂപത്തിൽ എത്തിയത്. നാല്പത് വർഷത്തിനിപ്പുറം മലയാളത്തിൽ ആദ്യമായാണ് ഒറ്റക്കവിതാ സമാഹാരം പുറത്തിറങ്ങിയത് എന്നതും ശ്രദ്ധേയമാണ്. അരിമ്പൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു പുസ്തകം പ്രകാശനം ചെയ്തു. കവിതയിലെ കഥാപാത്രമായ ലൈബ്രേറിയൻ ജയൻ സാക്ഷ്യം വഹിച്ചു. എം.കെ.സാനു, സച്ചിദാനന്ദൻ, എം.ലീലാവതി, വൈശാഖൻ, കെ.വി.രാമകൃഷ്ണൻ, അശോകൻ ചരുവിൽ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയ 40 പേരാണ് രാവുണ്ണിയുടെ കവിതയെ കുറിച്ച് പഠനക്കുറിപ്പ് എഴുതിയിട്ടുള്ളത്.
( പടം: 1. ഡോ.സി. രാവുണ്ണി, 2. കളരിക്കൽ വിജയൻ . 3. കവി ഡോ.സി. രാവുണ്ണിയുടെ ഒറ്റക്കവിതാ സമാഹാരം മന്ത്രി ആർ.ബിന്ദു പ്രകാശനം ചെയ്യുന്നു. )
പ്രതികരിക്കാൻ ഇവിടെ എഴുതുക: