ആലപ്പുഴ: റോഡ്, പാലം എന്നിവയുടെ നിര്‍മാണ ജോലികള്‍ ഇഴയുന്നതിനാല്‍ ജില്ലയില്‍ ഗതാഗതക്കുരുക്കും യാത്രാദുരിതവും വര്‍ധിക്കുന്നു. ആലപ്പുഴ നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങള്‍ പലതും അടച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനാല്‍ നഗരം ഗതാഗതക്കുരുക്കിലാണ്. ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനോ ഗതാഗതം സുഗമമാക്കാനോ അധികൃതര്‍ കാട്ടുന്ന അലംഭാവമാണ് ജോലികള്‍ ഇഴഞ്ഞുനീങ്ങുന്നതിന് പ്രധാന കാരണം. കൊമ്മാടി, ശവക്കോട്ട, മുപ്പാലങ്ങള് പൊളിച്ചിട്ടിരിക്കുകയാണ്. ഇതിനാല്‍ ബീച്ചിലേക്കുള്പ്പെടെ എത്തിപ്പെടാനെടുക്കുന്ന കാലതാമസം ഏറെയാണ്.
കൊമ്മാടിയിലും ചുടുകാടു മുതല്‍ പുലയന്‍വഴി വരെയും വൈഎംസിഎ- പിച്ചുഅയ്യര്‍ ജങ്ഷന് റോഡിലും വൈറ്റ്ടോപ്പിംഗ് ജോലികള്‍ നടക്കുകയാണ്. കോണ്‍ക്രീറ്റ് കന്പി റോഡിന്റെ മറ്റേ ലൈനിലേക്ക് നീട്ടിനിര്ത്തിയാണിത് ചെയ്യുന്നത്. അതേ ലൈനിലൂടെ തന്നെ ഇരുവശത്തേക്കുമുള്ള ഗതാഗതവും കടത്തിവിടുന്നതുമൂലം കുരുക്കും അപകടങ്ങളും വര്‍ധിക്കുന്നു.ആലപ്പുഴ-ചങ്ങനാശേരി റോഡ് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയവാഹനങ്ങള്‍ക്ക് നിയന്ത്രണമേര്പ്പെടുത്തിയിട്ടുï്. റോഡുകള്‍ ഉയര്ന്നുകഴിയുന്പോള് സൈഡുകള്‍ ഗര്‍ത്തങ്ങള്‍ പോലാകുകയാണ്. ഇതും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു.
റോഡ് ടാര്‍ചെയ്ത ഉടനെതന്നെ റോഡ് സൈഡുകളും ടൈല്‍ ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കാത്തതാണ് ഇതിനുകാരണം. പ്രധാനപ്പെട്ട റോഡുകളില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പോലും ഒരു ദിവസത്തെ പണികഴിഞ്ഞാല് പത്തുദിവസം പണിയില്ലാത്തെ അവസ്ഥയിലാണു നീങ്ങുന്നത്. പോലീസും പൊതുമരാമത്തു വകുപ്പും ചേര്‍ന്ന് ഗതാഗതം സുഗമമാക്കാനുള്ള ബദല്‍ മാര്‍ഗങ്ങളും സ്വീകരിച്ചാലേ യാത്രാദുരിതത്തിനറുതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: