‘അപ്നേ സിഎം കോ താങ്ക്സ് കേഹനാ. കി മേം ഭട്ടിന്‍ഡ എയര്‍പോര്‍ട്ട് തക് സിന്ദ ലൗട് പായാ.’ (നിങ്ങള്‍ മുഖ്യമന്ത്രിയോട് എന്റെ നന്ദി അറിയിക്കൂ…, ഞാന്‍ ഭട്ടിന്ണ്ട വിമാനത്താവളത്തില്‍ ജീവനോടെ എത്തിയതിന്). സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് ഫിറോസ്പൂര്‍ സന്ദര്‍ശനം വേണ്ടെന്നുവെച്ച് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലുണ്ടായിരുന്ന പഞ്ചാബ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞ വാക്കുകളാണിത്. ഒരു പ്രധാന വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്; ഉദ്യോഗസ്ഥര്‍ പിന്നീട് അത് സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച പഞ്ചാബില്‍ കുറെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ നരേന്ദ്ര മോദിക്കുണ്ടായ ദുരനുഭവം രാജ്യം ചര്‍ച്ച ചെയ്തതാണ്. അതിപ്പോള്‍ സുപ്രീംകോടതി പരിശോധിക്കുന്നുമുണ്ട്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച അഞ്ചു നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ സുരക്ഷാ വീഴ്ച, പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതി എന്ന നിലയ്ക്കുപോലും ഈ വിഷയം, വീണ്ടും വീണ്ടും ചര്‍ച്ചചെയ്യപ്പെടുമെന്നതില്‍ സംശയമില്ല. ഫെബ്രുവരി പത്ത് മുതല്‍ മാര്‍ച്ച് 7 വരെ നീളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആന്ത്യന്തിക ഫലം എന്താവുമെന്ന വിശകലനത്തിലേക്ക് കടക്കും മുന്‍പ് അതീവ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടുന്ന വാക്കുകളാണ് മോദിയുടെ നാവില്‍നിന്നുയര്‍ന്നത്. അത് സൂചിപ്പിക്കാതെ ഇക്കാര്യങ്ങള്‍ വിലയിരുത്താനാവില്ല.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നിവയാണ് അഞ്ചു സംസ്ഥാനങ്ങള്‍. ഈ നിയമസഭാ തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട് എന്നത് പ്രത്യേകം ബോധ്യപ്പെടുത്തേണ്ടതില്ല. അടുത്ത രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിയിലെയൊക്കെ ഫലങ്ങള്‍ക്ക് വലിയ സ്വാധീനം ചെലുത്താനാവും. അതിലുപരി പലരും നിരീക്ഷിക്കുന്നത്, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള ഒരു സെമി ഫൈനല്‍ എന്നൊക്കെയാണ്. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. അതൊക്കെയുണ്ടെങ്കിലും ഉത്തര്‍പ്രദേശിലെ ജനവിധിക്ക് വലിയ മാനങ്ങളുണ്ടല്ലോ.
രാഷ്ട്രീയം എന്ത്?
ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണയിക്കാന്‍ പോകുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവിയാണ്; ഇനിയെത്രനാള്‍ അതിന് ആയുസ്സുണ്ട് എന്നതാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ പഞ്ചാബില്‍ മാത്രമാണ് ഇന്നിപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ളത്. എന്നാല്‍ അവിടെയും അവര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. മറ്റൊരിടത്തും അവര്‍ക്ക് എന്തെങ്കിലും വിജയസാധ്യതയുണ്ടെന്ന് ഒരു പ്രീ-പോള്‍ സര്‍വേയും പ്രവചിച്ചിട്ടില്ല. മാത്രമല്ല കോണ്‍ഗ്രസിലെ ചേരിപ്പോരുകള്‍ അവരുടെ സാദ്ധ്യതകള്‍ വിദൂരത്തിലാക്കി എന്ന നിരീക്ഷണം ഉണ്ടായിട്ടുമുണ്ട്. കോണ്‍ഗ്രസുകാര്‍ നേരത്തെ പ്രതീക്ഷവച്ച് പുലര്‍ത്തിയിരുന്നത് ഗോവ, ഉത്തരാഖണ്ഡ് എന്നിവയെക്കുറിച്ചാണ്. എബിപി ന്യൂസിന്റെയും ടൈംസ് ഗ്രൂപ്പിന്റെയും സര്‍വേകളില്‍ കണ്ടെത്തിയത്, ഇവിടെയൊക്കെ കോണ്‍ഗ്രസിന് തിരിച്ചുവരവ് അസാധ്യമാണ് എന്നും.
ഗോവ തന്നെ ഉദാഹരണമായി എടുക്കുക. അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ പ്രധാന മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു. പിന്നെ ചില ചെറിയ പ്രാദേശിക കക്ഷികളും. എന്നാലിത്തവണ അവിടെ കാണുന്നത് ഏതാണ്ടൊരു ചതുഷ്കോണ മത്സരമാണ്. ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ ആം ആദ്മി പാര്‍ട്ടിയും മമത ബാനര്‍ജിയുടെ ടിഎംസിയും രംഗത്തുണ്ട്. ആ രണ്ടു പാര്‍ട്ടികള്‍ ചെറിയ പ്രചാരണമല്ല തെരഞ്ഞെടുപ്പിന് മുന്നേ തന്നെ കാഴ്ചവച്ചത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ബദലാവാനുള്ള മമത ബാനര്‍ജിയുടെ പദ്ധതിയുടെ ഭാഗമായാണ് അവര്‍ ഗോവയിലേക്ക് വിമാനം കയറിയത്. രണ്ടോ മൂന്നോ തവണ അവര്‍ അവിടെയെത്തുകയും ചെയ്തു. കോണ്‍ഗ്രസിലെ ഒരു വലിയ വിഭാഗമാണ് അവര്‍ക്കൊപ്പം അണിനിരന്നത്, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമാണ്. ടിഎംസിയോ എഎപിയോ ജയിക്കാവുന്ന നിലയിലെത്തിയിട്ടില്ല, എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് നാശം വരുത്താനവര്ക്ക് കഴിയുന്നു.
സമാനമാണ് യുപിയിലെയും സ്ഥിതി. രാഷ്ട്രീയമായി ഇന്ത്യയിലെ ഏറ്റവും പ്രധാന സംസ്ഥാനമാണ്. അവിടെ വിജയിക്കുക എന്നത് ഇന്ത്യന്‍ രാഷ്ട്രീയം നിയന്ത്രിക്കുന്നതിന് തുല്യമായി കരുതപ്പെടുന്നു. നരേന്ദ്ര മോദിയെ, ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാവരും കൈകോര്‍ക്കണം എന്ന് വിളിച്ചുകൂവി നടന്ന പ്രതിപക്ഷ കക്ഷികള്‍ക്ക് യുപിയില്‍ പോലും ഒന്നിച്ചു നില്‍ക്കാനായോ; ഇല്ല. അവിടെ സമാജ്വാദി പാര്‍ട്ടിയും മായാവതിയും കോണ്‍ഗ്രസുമൊക്കെ പരസ്പരം ഏറ്റുമുട്ടുന്നു. കോണ്‍ഗ്രസിന് രണ്ടക്കം എംഎല്‍എമാരെ കിട്ടാനുള്ള സാധ്യത അസാധ്യമാണ് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍; പ്രിയങ്ക വാദ്രയ്ക്ക് ഒരാളെ പോലും ജയിപ്പിക്കാനാവാത്ത സ്ഥിതിയുണ്ടായാല്‍ അതിശയിക്കാനില്ല എന്ന് കരുതുന്നവരുമുണ്ട്. ഇവിടെ വേറൊന്നുകൂടി നാം കാണേണ്ടതുണ്ട്. കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കിയാല്‍ ദയനീയ തിരിച്ചടിയാവും ഫലം എന്ന് മറ്റുകക്ഷികള്‍ കരുതുന്നു എന്നതാണ്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലാലുപ്രസാദ് യാദവിന്റെ പാര്ട്ടിക്കാര് ഇക്കാര്യം തുറന്നടിച്ചിരുന്നു. അഖിലേഷ് യാദവും സമാനമായ നിലപാടെടുത്തു. ഇങ്ങനെയൊരു കക്ഷി എത്രനാള്‍ മുന്നോട്ട് പോ
കുമെന്ന് അറിയാനായി ഇന്നിപ്പോള്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ടതുണ്ടോ? ബിജെപി ഇന്ത്യയിലെ ഏറ്റവും വലിയ കക്ഷിയാണ്. ശക്തമായ അടിത്തറ അതിനുണ്ട്. എന്നാല്‍ ബിജെപി പോലുമാഗ്രഹിക്കുന്നത് ഇന്ത്യയില്‍ ശക്തമായ ഒരു ജനാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയകക്ഷി പ്രതിപക്ഷത്തുണ്ടാവണം എന്നതാണ്. അതിനുള്ള സാധ്യത കാണുന്നില്ല എന്നതാണ് വസ്തുത.
പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടവര്‍
ഒരു തെരഞ്ഞെടുപ്പില്‍ കുറേ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുക സ്വാഭാവികമാണ്; സര്‍ക്കാരിന് നേതൃത്വം നല്കുന്നവര്ക്കും പ്രതിപക്ഷത്തിനും ഒരു അജണ്ട സൃഷ്ടിക്കാന്‍ കഴിയാറുമുണ്ട്. അഞ്ചുവര്‍ഷം ഭരിച്ച സര്‍ക്കാരിനെതിരെ എന്തൊക്കെ ഉന്നയിക്കാറുണ്ട്, സാധാരണയായി. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ടത്, അജണ്ട സൃഷ്ടിച്ചത് ബിജെപിയാണ് എന്നതാണ്. പ്രതിപക്ഷത്തിന് യാതൊന്നും ഉന്നയിക്കാനില്ല എന്നതും അവര്‍ അജണ്ടയില്ലാതെ നട്ടം തിരിയുന്നു എന്നതും പ്രധാനമാണ്. അതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം.
മോദിക്കും ബിജെപിക്കും ജനസമക്ഷം വെക്കാനുണ്ടായിരുന്നത് വികസനത്തിന്റെ, ക്ഷേമ പദ്ധതികളുടെ രാഷ്ട്രീയമായിരുന്നു. അതവര് ഉയര്‍ത്തിപ്പിടിക്കുന്നു. യുപിയിലെ കാര്യം മാത്രമെടുക്കുക. ഒന്‍പത് വിമാനത്താവളങ്ങള്‍ അഞ്ചുവര്‍ഷത്തിനകം രൂപമെടുത്തു. 13 എണ്ണം നിര്‍മ്മാണത്തിലും. സംസ്ഥാനത്തെ പ്രധാന മേഖലകളെ മുഴുവന്‍, 75 ടൗണുകളെ, വ്യോമഗതാഗത ശ്യംഖലയില്‍ കൊണ്ടുവരുന്നു. നാല് പുതിയ എക്സ്പ്രസ് ഹൈവേകള്‍, അഞ്ചു മെട്രോ സര്‍വീസുകള്‍, പിന്നെ, സര്േവ്വാപരി, 97 പുതിയ മെഡിക്കല്‍ കോളേജുകള്‍… അതെ ചരിത്രമാണിത്. 30,000 ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ചത് മറ്റൊന്ന്. ഒരു കുടം വെള്ളത്തിനായി നിത്യേന മൈലുകള്‍ താണ്ടിയിരുന്നവര്ക്കാണ് ഈ സൗകര്യം ലഭ്യമാക്കിയത്. ഗ്രാമീണ റോഡുകളുടെ കാര്യത്തില്‍ ചിന്തിക്കാനാവാത്ത വികസനം. മികച്ച ക്രമസമാധാനപാലനം ഏവരും അംഗീകരിക്കുന്നു. സ്ത്രീകള്‍ക്ക് ഗുണ്ടകളെ ഭയക്കാതെ തെരുവിലിറങ്ങാവുന്ന അവസ്ഥയുണ്ടാക്കി. പി
ന്നെ അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണം, കാശി വിശ്വനാഥ ക്ഷേത്രത്തിലെ മാറ്റങ്ങള്‍, ഗംഗ ശുദ്ധീകരണം, ശൗചാലയങ്ങള്‍, എല്‍പിജി ലഭ്യമാക്കിയത് ഇതൊക്കെ വേറെയും. മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ വികസനത്തിന്റെ, നടപ്പിലാക്കിയ പദ്ധതികളുടെ പേരിലാണ് മോദിയും ബിജെപിയും ജനങ്ങളെ സമീപിക്കുന്നത്.
എന്നാല്‍ പ്രതിപക്ഷമോ? അവര്‍ ആകെ കരുതിവച്ചിരുന്നത് കര്‍ഷക സമരമാണ്. ഇല്ലാത്ത ഒരു പ്രശ്നത്തിന്റെ പേരില്‍ നടത്തിയ സമരം കോടികള്‍ ഒഴുക്കിക്കൊണ്ട് അവര്‍ മാസങ്ങളോളം നീട്ടിക്കൊണ്ടുപോയി. അവസാനം ആരും കരുതാത്ത വേളയില്‍ അത് പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായപ്പോള്‍ ഇടിവെട്ടിയത് പ്രതിപക്ഷ മനസിലാണ്. കെട്ടിപ്പൊക്കി കൊണ്ടുവന്ന പ്രശ്നം ഒറ്റരാത്രി കൊണ്ട് ഇല്ലാതായി. മറ്റൊരു വിഷയം അവര്‍ക്ക് ഇനി ഉയര്‍ത്തിക്കൊണ്ടുവരിക അസാധ്യവുമായി. അത്രവലിയ രാഷ്ട്രീയ നൈരാശ്യത്തിന് നടുവിലാണ് ഇന്നിപ്പോള്‍ ബിജെപി വിരുദ്ധ കക്ഷികള്‍, ഓരോ സംസ്ഥാനത്തും. പ്രതിപക്ഷത്തിന് ഇത്രയേറെ വിഷയദാരിദ്ര്യമുള്ള ഒരു തെരഞ്ഞെടുപ്പ് അടുത്തകാലത്തൊന്നും ഇന്ത്യയില്‍ നടന്നിരിക്കില്ല.
ആ നിരാശ തന്നെയാവണം പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയ ഉപേക്ഷ കാണിക്കാന്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നരേന്ദ്ര മോദിയുടെ ജീവന് കൊണ്ട് കളിക്കാനാണ് അവര്‍ ശ്രമിച്ചത്. പാക് അതിര്‍ത്തിയില്‍ നിന്ന് വെറും പത്തു കിലോമീറ്റര്‍ അകലത്തില്‍ ഒരു ~ൈ ഓവറിന് മുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ബന്ദിയാക്കാന്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതിയിടുകയായിരുന്നില്ലേ?. അതിന് കോണ്‍ഗ്രസിന്റെ തലപ്പത്തുള്ളവര്‍ക്ക് എന്ത് റോളാണുള്ളത് എന്നത് പോലും ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോകുകയാണ്. അതിനുപിന്നില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പങ്കുണ്ടെന്ന ചില സൂചനകള്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതി മുന്‍പാകെ പറഞ്ഞുകഴിഞ്ഞതുമാണ്. അടിതെറ്റിയാല്‍ പിന്നെ എന്തും ചെയ്യും എന്നൊരു ചൊല്ലുണ്ടല്ലോ. മോദിയെ ഇല്ലായ്മ ചെയ്തുകൊണ്ട് രാഷ്ട്രീയത്തില്‍ നഷ്ടപ്പെട്ട അടിവേര് വീണ്ടെടുക്കാമെന്ന് ചിലരെങ്കിലും ചിന്തിച്ചിരുന്നോ? അറിയില്ല. അന്വേഷണ വിധേയമാക്കേണ്ടുന്ന വിഷയമാണിത്. ഇനിയുള്ള ദിവസങ്ങളില്‍ രാജ്യം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം ഇതാവുകയും ചെയ്യും. അതായത് പ്രതിപക്ഷത്തിന് കുറെയേറെ മറുപടി ജനസമക്ഷം പറയേണ്ടിവരിക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: