ആരോഗ്യവകുപ്പില്‍നിന്ന് രഹസ്യസ്വഭാവമുള്ളവയടക്കം നൂറുകണക്കിന് ഫയലുകള്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്നു എന്ന വാര്‍ത്ത പിണറായി സര്‍ക്കാരിന്റെ വര്‍ഗസ്വഭാവം അടുത്തറിയുന്നവരില്‍ യാതൊരു അത്ഭുതവും ഉണ്ടാക്കില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിക്കാനിടയായ പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്തവും, ക്ലിഫ്ഹൗസിലെ സിസിടിവി ക്യാമറയ്ക്ക് ഇടിമിന്നലേറ്റതുമൊക്കെ ആരും മറന്നിട്ടുണ്ടാവില്ല. തീപ്പിടിത്തം ബോധപൂര്‍വം സൃഷ്ടിച്ചതും, ഇടിമിന്നല്‍, ക്യാമറാദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കാതിരിക്കാന്‍ കരുതിക്കൂട്ടി നശിപ്പിച്ചതിന് മറയിടാന്‍ കള്ളം പറഞ്ഞതുമാണെന്ന് ഏറെക്കുറെ എല്ലാവര്ക്കും ബോധ്യമായ കാര്യമാണ്. ഇങ്ങനെ ചിലതാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിലെ ഫയലുകള്‍ കാണാതായതിനു പിന്നിലും സംഭവിച്ചിട്ടുണ്ടാവുകയെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. കൊവിഡ് കാലത്ത് ടെണ്ടര്‍ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ വന്‍ അഴിമതി നടന്നിട്ടുള്ളതായി ആരോപണമുയര്‍ന്നതിന് പിന്നാലെ ഫയലുകള്‍ കാണാതായത് ഒട്ടും യാദൃച്ഛികമല്ല. ഫയലുകള്‍ കാണാതായതറിഞ്ഞ് തെരച്ചില്‍ നടത്തിയിട്ടും കണ്ടു കിട്ടാതെ വന്നപ്പോള്‍ ബന്ധപ്പെട്ട സെക്ഷന്‍ ക്ലര്‍ക്കുമാരാണ് മേലധികാരികളെ വിവരം അറിയിച്ചതത്രേ. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഏതൊക്കെ ഫയലുകളാണ് കാണാതായതെന്ന് പറയാത്തത് കള്ളന് കപ്പലില്‍ തന്നെയാണുള്ളത് എന്നതിന് തെളിവാണ്.
ഈ ഫയലുകള്‍ മോഷണം പോയതല്ലെന്ന് വ്യക്തമാണല്ലോ. കാരണം മോഷ്ടാവിന് ആക്രിക്കടയില്‍ കൊണ്ടുപോയി വില്‍ക്കാനെ കഴിയൂ. അഞ്ഞൂറിലധികം ഫയലുകളാണ് കാണാതായിട്ടുള്ളത് എന്നാണ് വിവരം. ഇത്രയധികം ഫയലുകള്‍ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയില്ലാതെ ഓഫീസില്‍നിന്ന് കടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ആരോപിക്കപ്പെടുന്ന അഴിമതിയില്‍ പങ്കുള്ളവരായിരിക്കും ഇവര്‍. ഏതൊക്കെ ഫയലുകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറഞ്ഞിട്ടില്ലാത്തത് ബോധപൂര്‍വമാണ്. ഈ അവ്യക്തത അന്വേഷണത്തെ ബുദ്ധിമുട്ടിലാക്കുകയും നിഷ്ഫലമാക്കുകയും ചെയ്യും. നഷ്ടപ്പെട്ട ഫയലുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാതെ അന്വേഷിക്കാനാവില്ലെന്ന് പോലീസ് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞതുതന്നെ. ഇനി പോലീസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് നന്നായറിയാം. പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്തത്തിന് ഒത്താശ ചെയ്ത ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പിന്നീട് സ്ഥാനമാനങ്ങള്‍ ലഭിച്ചത് ജനങ്ങള്‍ കണ്ടതാണല്ലോ. അന്നത്തേതുപോലുള്ള തീപിടുത്തം ആരോഗ്യവകുപ്പിലെ ഫയലുകളുടെ കാര്യത്തില്‍ പുനഃസൃഷ്ടിക്കാതിരുന്നതും ബോധപൂര്‍വമാണ്. ജനങ്ങള്‍ പെട്ടെന്നു തന്നെ സംശയിക്കും. ഏതെങ്കിലും തരത്തില്‍ കണ്ടുപിടിച്ചേക്കാമെന്നതിനാല്‍ ഫയലുകള്‍ മാറ്റുകയല്ല ചെയ്തിരിക്കുന്നത്. നശിപ്പിച്ചിരിക്കാന്‍ തന്നെയാണ് സാധ്യത. എങ്ങനെ അന്വേഷിച്ചാലും കണ്ടുപിടിക്കില്ല.
സ്വര്‍ണ കള്ളക്കടത്തു കേസിലെ അന്വേഷണം നടക്കുന്നതിനിടെ പ്രോട്ടോകോള്‍ ഓഫീസില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ തീപിടുത്തം ഉണ്ടായതിനെതിരെ ജനരോഷം ഉയര്‍ന്നപ്പോള്‍ ഫയലുകളെല്ലാം ഇ-ഫയല്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെയൊന്നു നടന്നിട്ടില്ലെന്ന് ഇപ്പോള്‍ തെളിയുന്നു. ഇ-ഫയലിങ് നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിലെ ഫയലുകള്‍ കാണാതെ പോയ സാഹചര്യം ഒഴിവാക്കാമായിരുന്നു. ജനങ്ങളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ കള്ളം പറയുകയായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. കൊവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ ഭയചകിതരായി കഴിഞ്ഞുകൂടിയപ്പോള്‍ ആ അവസരം ഉപയോഗിച്ച് എങ്ങനെയൊക്കെ അഴിമതി നടത്താമെന്നാണ് പിണറായി സര്‍ക്കാരിനെ നയിക്കുന്നവര്‍ ചിന്തിച്ചത്. ആശുപത്രികളിലെത്തുന്ന രോഗികളുടെ ആരോഗ്യ വിവരം വിദേശ ഏജന്‍സിയായ സ്പ്രിങ്ക്ളറിനു ചോര്‍ത്തി നല്കാന് ധാരണയിലെത്തിയത് ഇതിലൊന്നു മാത്രം. ഇതു സംബന്ധിച്ച രഹസ്യവിവരങ്ങള്‍ വെളിപ്പെടുകയും, വിവാദം കൊടുമ്പിരിക്കൊള്ളുകയും ചെയ്തപ്പോള്‍ പിന്മാറാന് സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഇതിനോട് ചേര്‍ത്തു വായിക്കേണ്ടവയാണ് ഇപ്പോള്‍ കാണാതായിരിക്കുന്ന ഫയലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള 1600 കോടിയുടെ അഴിമതിയും. അഴിമതി ജീവവായുവായി കരുതുന്ന സര്‍ക്കാരാണ് ആറുവര്‍ഷത്തോളമായി സംസ്ഥാനം ഭരിക്കുന്നത്. പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്ന കാലത്തോളം ജനങ്ങള്‍ക്ക് ഇത്തരം അഴിമതികള്‍ സഹിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: