മുംബൈ: നാഗ്പൂരിലെ നാല് സുപ്രധാന കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്താന്‍ നടത്താന്‍ പദ്ധതിയിട്ടവര്‍ ജെയ്ഷ് ഇ മൊഹമ്മദുമായി ബന്ധമുള്ളവരാണെന്നതിന് തെളിവുണ്ടെന്ന് നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍. ഈ സ്ഫോടനപദ്ധതിക്ക് പാകിസ്ഥാനുമായി നേരിട്ട് ബന്ധമുണ്ടെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
റിപ്പബ്ലിക് ടിവിയുമായി സംസാരിക്കുകയായിരുന്നു അമിതേഷ് കുമാര്‍. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര് വൈകാതെ അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു. “സംഘത്തില്‍പ്പെട്ട ഒരാള്‍ നാഗ്പൂരില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയതിന് വ്യക്തമായ തെളിവുണ്ട്,”- അമിതേഷ് കുമാര്‍ പറഞ്ഞു. നാഗ്പൂരില്‍ വിവിധ ഇടങ്ങളില്‍ ജെയ്ഷ് ഇ മൊഹമ്മദിലെ ഒരു അംഗം സന്ദര്‍ശനം നടത്തിയതിന് തെളിവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരേയൊരു വ്യക്തിയാണ് നാഗ്പൂരില്‍ രഹസ്യസന്ദര്‍ശനത്തിന് എത്തിയതെന്നും അമിതേഷ് കുമാര്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സികളും ഈ കേസ് അന്വേഷിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഈ കേസിന്റെ അന്വേഷണം നടക്കുന്നുണ്ട്. നാഗ്പൂരിലെ നാലിടങ്ങളിലാണ് സ്ഫോടനം നടത്താന്‍ വേണ്ടി സന്ദര്‍ശനം നടത്തിയത്. ഇതില്‍ ആര്‍എസ്എസ് ആസ്ഥാനമുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ അമിതേഷ് കുമാര്‍ തയ്യാറായില്ല. എന്തായാലും നാലിടങ്ങളും സുപ്രധാനകേന്ദ്രങ്ങളാണെന്നും പ്രതികള്‍ വൈകാതെ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇക്കഴിഞ്ഞ ദിവസം കശ്മീരില്‍ പിടിയിലായ നാല് തീവ്രവാദികളിലൊരാള്‍ സ്ഫോടനപദ്ധതിയുടെ ഭാഗമായി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം താന്‍ സന്ദര്‍ശിച്ചതായി വെളിപ്പെടുത്തിയിരുന്നു. സ്ഫോടനത്തിന് വേണ്ടി പദ്ധതിയൊരുക്കുന്നതിന്റെ ഭാഗമായി നേരിട്ട് നാഗ്പൂര്‍ സന്ദര്‍ശിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീര്‍ പൊലീസിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത തിരച്ചിലില്‍ കശ്മീരില്‍ അറസ്റ്റിലായ നാല് പേരില്‍ ഒരാളാണ് ബോംബ് സ്ഫോടനം നടത്താനുള്ള പദ്ധതിയുടെ ഭാഗമായി ആര്‍എസ്എസ് ആസ്ഥാനത്തെക്കുറിച്ച് പഠിക്കാന്‍ രഹസ്യമായി നാഗ്പൂര്‍ സന്ദര്‍ശിച്ച് മടങ്ങിയ കാര്യം വെളിപ്പെടുത്തിയത്.
ഈ നാല്‍വല്‍ സംഘത്തില്‍നിന്ന് വന്‍ ആയുധശേഖരം പിടികൂടിയിട്ടുണ്ട്. നായ്കൂ ഇമാദ് നാസര്‍ എന്ന തീവ്രവാദിയാണ് ചോദ്യം ചെയ്യലില്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച കാര്യം വെളിപ്പെടുത്തിയത്. 2021 ജൂലായ് മാസത്തിലാണ് ഇയാള്‍ ആര്‍എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ച് മടങ്ങിയത്. ഇന്ത്യയിലെ മറ്റ് അഞ്ചോളം വിവിധ കേന്ദ്രങ്ങളിലും സ്ഫോടനം നടത്തുന്നതിനായി ഇദ്ദേഹം സന്ദര്‍ശനം നടത്തിയതായും പറയുന്നു. ദല്‍ഹിയില്‍ വിദ്യാര്‍ത്ഥിയായ ഇയാള്‍ കശ്മീരിലെ ഷോപിയാന്‍ സ്വദേശിയാണ്. മുജാഹിദീന്‍ ഗസ്വാത് അല്‍ ഹിന്ദ് (എംജിഎച്ച്) എന്ന സംഘടനയുടെ നിര്‍ദേശപ്രകാരമാണ് നായ്കൂ ഇമാദ് നാസര്‍ ആര്‍എസ്എസ് ആസ്ഥാനം ഉള്‍പ്പെടെ സന്ദര്‍ശിച്ചതെന്ന് പറയപ്പെടുന്നു. ജെയ്ഷ് ഇ മൊഹമ്മദിന്റെ പോഷകസംഘടനയാണ് എംജിഎച്ച്.
നാഗ്പൂരില്‍ നിന്നുള്ള ആര്‍എസ്എസ് ആസ്ഥാനത്തിന്റെ ചിത്രവും നായ്കൂ സംഘത്തിന് അയച്ചുകൊടുത്തു. ആര്‍എസ്എസ് ആസ്ഥാനത്തെ സുരക്ഷക്രമീകരണം സംബന്ധിച്ച എത്രത്തോളം വിശദമായ വിവരങ്ങളാണ് കൈമാറിയിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. നായ്കൂ രഹസ്യനിരീക്ഷണത്തിനായി പോയ മറ്റ് രണ്ട് കേന്ദ്രങ്ങള്‍ ദല്‍ഹിയിലെ എന്‍ ഐഎ ഓഫീസും ദല്‍ഹി പൊലീസ് ആസ്ഥാനവുമാണെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: