ശബരിമല: ശബരിമലയില്‍ 14ന് നടക്കുന്ന മകരജ്യോതി ദര്‍ശനത്തിന് മുന്നോടിയായുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും പൂര്‍ത്തിയാക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ പറഞ്ഞു. 14 ന് ഉച്ചയ്ക്ക് 2.29 നാണ് സംക്രമപൂജ നടക്കുക. ഇത്തവണ ഹില്‍ ടോപ്പിലും മകരവിളക്ക് ദര്‍ശനത്തിനു സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അവിടെ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മകരവിളക്ക് ദര്‍ശനത്തിന് ഒന്നര ലക്ഷത്തോളം അയ്യപ്പഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹില്‍ടോപ്പില്‍ 2000 മുതല്‍ 5000 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. സന്നിധാനത്ത് പാണ്ടിത്താവളം, അന്നദാനമണ്ഡപത്തിന്റെ മുകളില്‍, കൊപ്രക്കളം എന്നിവിടങ്ങളിലൊക്കെ മകരജ്യോതി ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ വെര്‍ച്വല്‍ ബുക്കിങ്ങിനും സ്പോട്ട് രജിസ്ട്രേഷനും നിശ്ചിത എണ്ണം ക്രമീകരിച്ചിട്ടുണ്ടെങ്കിലും എത്തിച്ചേരുന്ന എല്ലാ അയ്യപ്പന്മാര്ക്കും സുഗമമായ ദര്‍ശനം അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എത്ര കൂടുതല്‍ ആളുകള്‍ വന്നാലും വെര്‍ച്വല്‍ ബുക്കിങ്ങിലെ അധിക സ്ലോട്ടുകളും സ്പോട്ട് രജിസ്ട്രേഷനിലെ അധിക സ്ലോട്ടുകളും ഉപയോഗപ്പെടുത്തി എല്ലാവര്ക്കും നിലവില്‍ ദര്‍ശന സൗകര്യം നല്‍കുന്നുണ്ട്. തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് 12ന് ആരംഭിക്കും. പതിവ് തിരുവാഭരണപാത വഴി തന്നെയാണ് ഘോഷയാത്ര ഇത്തവണയും കടന്നുപോകുക. ഈ സീസണില്‍ 110 കോടി രൂപയുടെ നടവരവ് ഉണ്ടായതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: