മുണ്ടക്കയം: മുണ്ടക്കയം അമരാവതി ഇറക്കത്തില്‍ ആണ് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റത്. ചെന്നൈയില്‍ നിന്നും എരുമേലിയിലേക്ക് പോകുകയായിരുന്ന ബസിന് പുറകിലായി വെല്ലൂരില്‍ നിന്നും വന്ന ബസ് ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ മുന്‍പിലത്തെ വാഹനം നിയന്ത്രണം തെറ്റി റോഡിന് വലതു വശത്തുള്ള മരത്തില്‍ ഇടിക്കുകയും ആയിരുന്നു. ഞായറാഴ്ച രാവിലെ 7 മണിയോടുകൂടി ആയിരുന്നു അപകടം.
വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്നാണ് വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ 108 ആംബുലന്‍സില്‍ കാഞ്ഞിരപ്പള്ളി ഗവ : ആശുപത്രിയിലേക്കും, ഗുരുതരമായി പരിക്ക് പറ്റിയ ആളെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇറക്കവും കൊടുംവളവും ഉള്ള ഈ ഭാഗത്ത് പുറകിലുള്ള വാഹനത്തിന്റെ അമിത വേഗതയും തുടര്‍ച്ചയായി ബ്രേക്ക് ഉപയോഗിച്ചത് മൂലം വാഹനത്തിന്റെ ബ്രേക്കിന്റെ കാര്യക്ഷമത കുറഞ്ഞതുമാണ് അപകട കാരണം എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.
എരുമേലി പേട്ട തുള്ളലും മകരവിളക്കും അടുത്തു വരുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍ അപകടങ്ങള്‍ കുറയ്‌ക്കുന്നതിനായി വേഗത നിയന്ത്രണത്തിനും, വളവുകളിലും ഇറക്കങ്ങളിലും വാഹനം ഓടിക്കുന്നതിനെ കുറിച്ച് െ്രെഡവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബാലസുബ്രഹ്മണ്യന്‍ (37), മുരുകന്‍ (48), സുകുമാര്‍ (45), ബാബുരാജ് (47) എന്നിവര്‍ കാഞ്ഞിരപ്പള്ളി ഗവ: ആശുപത്രിയിലും, ശരവണന്‍ (48) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയില്‍ ആണ്. രണ്ട് വാഹനത്തിലും ഉണ്ടായിരുന്ന 42 അയ്യപ്പഭക്തരെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എരുമേലിയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് വിളിച്ചു വരുത്തി പമ്പയിലേക്ക് എത്തിച്ചു. മുണ്ടക്കയം എസ്.ഐ ടി. ഡി മനോജ് കുമാര്‍, അസി: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ചന്തു സി.ജി , ജിതിന്‍ പി.എസ് , െ്രെഡവര്‍ ഷാജഹാന്‍ എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: