ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി കളമശ്ശേരി സ്വദേശിനി നീതുരാജ് (30) നെ കണ്ടെത്തുവാന്‍ സഹായിച്ചത് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ എസ് ഐ അരവിന്ദ് കുമാറിന്റെ ഇടപെടലിലൂടെ.
കഴിഞ്ഞ ആറിന് യുവതിയായ കുറുപ്പന്തറ സ്വദേശിനിയുടെ അഞ്ചു ദിവസം പ്രായമായ നവജാത ശിശു തൊണ്ടയില്‍ മുലപ്പാല്‍ കുരുങ്ങി മരണപ്പെട്ടിരുന്നു.കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായിട്ടാണ് അരവിന്ദ് കുമാര്‍ മോര്‍ച്ചറിയിലെത്തിയത്.
ഇദ്ദേഹം മോര്‍ച്ചറിയുടെ പുറത്തു നില്കുമ്പോള് ഡോക്ടറുടെ വേഷം ധരിച്ച തടിച്ച യുവതി പൊരിവെയിലത്ത് പിഞ്ചുകുഞ്ഞുമായി നടന്നു പോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു.കൂടെ മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. ഇതില്‍ അസ്വാഭാവികത ഉള്ളതായി അദ്ദേഹത്തിനു തോന്നുകയും ചെയ്തിരുന്നു.
അല്പപസമയം കഴിഞ്ഞപ്പോള്‍ ഒരു കുട്ടിയെ ആശുപത്രിയില്‍ നിന്നും കാണാതായെന്നും പറഞ്ഞ് ജനങ്ങള്‍ ഓടുന്നത് ഇദ്ദേഹം കണ്ടു. ഇക്കാര്യം സ്റ്റേഷനില്‍ വിളിച്ചു പറയുകയും ചെയ്തു.ഉടന്‍ തന്നെ പോലീസ് ആശുപത്രി പരിസരത്ത് എത്തി.അധികൃതരുമായി ബന്ധപ്പെട്ട് സത്യാവസ്ഥ മനസ്സിലാക്കി. സ്ഥലത്തെ ഓട്ടോ, ടാക്സി െ്രെഡൈവര്മാര്, ബസ്സ് ജീവനക്കാര്‍ ഇവര്‍ക്കൊക്കെ വിവരം കൈമാറി.
കുഞ്ഞുമായി വരുന്ന എല്ലാവരെയും നിരീക്ഷിക്കണമെന്നും, എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണമെന്നും പറഞ്ഞു. അപ്പോഴാണ് ഹോട്ടലില്‍ നിന്നും ടാക്സി െ്രെഡവര്‍ അലക്സ് സെബാസ്റ്റ്യനെ വിളിക്കുന്നത്. എറണാകുളത്തിന് ഓട്ടം പോകാനാണ് വിളിച്ചത്.
യാത്രക്കാര്‍ അമ്മയും കുഞ്ഞും ആണെന്നറിഞ്ഞ അലക്സ് ആശുപത്രിയില്‍ നിന്നും കുട്ടിയെ കാണാതായ വിവരം പോലീസ് അറിയിച്ചിട്ടുണ്ടെന്നും അത് ഇതാകാമെന്നും പറഞ്ഞു. ഉടന്‍ തന്നെ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് മാനേജരെ വിവരം ധരിപ്പിക്കുകയും മാനേജര്‍ പോലീസിനെയും അറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി നീതുരാജിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.ശിശുവിനെ എടുത്ത് എസ് ഐ റെനീഷ് അമ്മ അശ്വതിയെ ഏല്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: