ന്യൂദല്‍ഹി: കെ.എന്‍. കാസ്മിക്കോയ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റായി തെരഞ്ഞെടുത്തു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റും ചെത്ത്ലത്തില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവുമാണ്. ലക്ഷദ്വീപ് ഉപദേശക സമിതി അംഗം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്ന കാസ്മിക്കോയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അധിക ചുമതലയുള്ള സബ് ഡിവിഷണല്‍ ഓഫീസറായാണ് 2015ല്‍ വിരമിച്ചത്. 2011-2013 കാലയളവില്‍ ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്ത് സംസ്ഥാന പ്രസിഡന്റായിരുന്നു. 2016 മുതല്‍ 2019 വരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന – ജനക്ഷേമപദ്ധതികളില്‍ ആകൃഷ്ടനായി 2019ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. ലക്ഷദ്വീപ് ചരിത്രവും ഭരണവും ഒരു സമഗ്രപഠനം, ലക്ഷദ്വീപ് വ്യവഹാര ചരിത്രത്തിലൂടെ ഒരു യാത്ര എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. ലക്ഷദ്വീപ് ചരിത്രവും ഭരണവും ഒരു സമഗ്രപഠനത്തിന് 2013ലെ മികച്ച പുസ്തകത്തിനുള്ള ലക്ഷദ്വീപ് കലാഅക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: