ജയദ്രഥന് എവിടെപ്പോയി ഒളിച്ചാലും അവനെക്കണ്ടെത്തി ഞാന്‍ വധിക്കുമെന്ന ഭീമസേനന്റെ വാക്കുകള്‍ കേട്ട യുധിഷ്ഠിരന് പറഞ്ഞു, ‘സൈന്ധവനായ ജയദ്രഥന് ദുഷ്ടനെങ്കിലും ആ ദുശ്ശളയെയും സാധ്വിയായ ഗാന്ധാരിയെയുമോര്ത്ത് അവനെ കൊല്ലാതെ വിട്ടേക്കുക.’
തങ്ങള്‍ നൂറ്റഞ്ചു സഹോദരന്മാര്ക്കുംകൂടി ഒരേയൊരു പെങ്ങളാണു ദുശ്ശള. ഭാഗ്യംകെട്ട അവളുടെ ഭര്‍ത്താവാണു ജയദ്രഥന്. തങ്ങള്‍ക്കു പ്രിയപ്പെട്ട ഗാന്ധാരിയെന്ന വല്ല്യമ്മയുടെ ഒരേയൊരു മകളായ ദുശ്ശളയെയോര്ത്ത് അവനെ കൊല്ലാതെ വിടാനാണു ധര്‍മ്മപുത്രന്റെ കല്പന.
‘എന്നോടിഷ്ടമുണ്ടെങ്കില്‍ അവനെ കൊല്ലണം,’ എന്നു പാഞ്ചാലി ഭീമനോടും അര്‍ജ്ജുനനോടും പറഞ്ഞു. അതുകേട്ടു ജയദ്രഥനെത്തേടിപ്പോയ ഭീമാര്ജ്ജുനന്മാര് അവന്റെ സൈന്യത്തെ തകര്‍ത്തു. ഓടിപ്പോകുന്ന അവനെ അര്ജ്ജുനന് പരിഹസിച്ചു വിട്ടയച്ചു. എന്നാല്‍ ഭീമന് അവനെ പിടിച്ചു വേണ്ടവിധം പീഡിപ്പിച്ചു. അവന് മരിക്കാറായപ്പോള്‍ അര്ജ്ജുനന് ഓടിച്ചെന്ന് ‘രാജാവു പറഞ്ഞതുപോലെ, ആ ദുശ്ശളയെയോര്ത്ത് അവനെ കൊല്ലാതെ വിട്ടേക്കൂ,’ എന്നു പറഞ്ഞു. ദേഹം മുഴുവന്‍ പൊടിപുരണ്ട അവനെ ഭീമന് തേരിലെടുത്തിട്ടു യുധിഷ്ഠിരന്റെ മുന്നിലെത്തിച്ചു. അവനെക്കണ്ടു ചിരിച്ചുകൊണ്ട് ആ ധര്മ്മപുത്രന് കല്പിച്ചു, ‘വിട്ടേക്കൂ.’
വനവാസം അവസാനിക്കാറായപ്പോള്‍ ധര്മ്മപുത്രന് താനും തന്റെ അനുജന്മാരും സഹിക്കേണ്ടിവന്ന അനേകം യാതനകളെക്കുറിച്ച് മാര്ക്കണ്ഡേയമുനിയോടു പറഞ്ഞു. അവസാനമായി പാഞ്ചാലിയെ ജയദ്രഥന് കട്ടുകൊണ്ടുപോകുകയും കൂടിയായപ്പോള്‍ അവമാനിതനായി. അദ്ദേഹം മുനിയോടു ചോദിക്കുന്നു, ‘എന്നോട് തുല്യനായി, ഇമ്മാതിരിക്ക് അല്പഭാഗ്യതരനായി ഒരു മനുഷ്യനെ അങ്ങ് കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ?’ ധര്മ്മപുത്രന് പാഞ്ചാലിയെക്കുറിച്ചു പറഞ്ഞു, ‘പാഞ്ചാലിയെപ്പറ്റി പറയുന്നതുപോലെ എന്നെപ്പറ്റിയോ അനുജന്മാരെപ്പറ്റിയോ രാജ്യാപഹരണത്തെപ്പറ്റിയോ കേള്‍ക്കുന്നുണ്ടോ മുനേ? ചൂതില്‍ ദുഷ്ടര്‍ കുഴക്കീട്ടും പാഞ്ചാലി ഞങ്ങളെ രക്ഷിച്ചു. അവളെ കാട്ടില്‍വെച്ചു ജയദ്രഥന് ബലാല്ക്കാരേണ മോഷ്ടിച്ചു. പതിവ്രതയും മഹാഭാഗയുമായി പാഞ്ചാലിയുടെ മാതിരി മറ്റൊരു പെണ്ണിനെ ഭവാന് കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ?’
മഹാഭാരതം അത്ഭുതകരമായ ജീവിത കഥയാണ്.
(രാമോപാഖ്യാനപര്വം, പതിവ്രതാമാഹാത്മ്യപര്വം, മഹാഭാരതം- ഭാഗം -2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: