ശ്രീനാരായണ സംസ്‌കാരം സനാതനമെന്ന് പറയുന്നത് അബദ്ധമാണെന്നും അത് രാമനെ രാവണനായും കൃഷ്ണനെ കംസനായും ഉപമിക്കുന്നത് പോലെയാണെന്നുമുള്ള കൃഷി മന്ത്രി പി. പ്രസാദിന്റെ ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിലെ പ്രസ്താവന വിവരക്കേടാണെന്ന് മാത്രമല്ല ഹിന്ദു ധര്‍മ്മത്തെ ഇകഴ്‌ത്തുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമവും കൂടിയാണ്. അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന് പറയും പോലെയാണ് മന്ത്രിയുടെ പ്രസ്താവന. സനാതന ധര്‍മ്മം എന്താണന്നൊ, ശ്രീനാരായണ ധര്‍മ്മം എന്താണന്നൊ അറിയാത്ത മന്ത്രി, ശ്രീ നാരായണ ഗുരുവിനെ കുറിച്ച് പ്രസംഗിക്കാന്‍ ശിവഗിരിയില്‍ പോകും മുന്‍പ് ഗുരുദേവന്റെ ആത്മോപദേശ ശതകം ഒരു വട്ടമെങ്കിലും വായിക്കേണ്ടിയിരുന്നു. ശ്രീനാരായണഗുരുവിന്റെ ശ്രീയും ഗുരുവും എടുത്ത് മാറ്റി നാരായണന്‍ എന്നെഴുതി അണികളെ പഠിപ്പിക്കുകയും സിമന്റ് നാണു എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തവര്‍ ഇന്ന്, അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മാനുഷികവും മാനവീകവുമായ ധര്‍മ്മബോധത്തെ അഭാരതീയവത്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലൊരു ഹിഡന്‍ അജണ്ടയുണ്ട്. ഭാരതീയ ദാര്‍ശനികതയെ ഉള്‍കൊള്ളാന്‍ കഴിയാതെ, വൈദേശിക പ്രത്യയശാസ്ത്രത്തില്‍ അഭിരമിച്ച് കഴിയുന്ന കമ്യൂണിസ്റ്റുകള്‍ കിട്ടിയ എല്ലാ അവസരവും ഉപയോഗിച്ച് ഹിന്ദു ധര്‍മ്മത്തെ അവഹേളിക്കുക എന്ന ലക്ഷ്യം ഈ പ്രസ്താവനയ്‌ക്ക് പിന്നിലുണ്ട്.
ശങ്കരന്റെ ദര്‍ശനമാണ് നമ്മുടേതും എന്ന് ഗുരുദേവന്‍ നടരാജ ഗുരുവിനോട് പറഞ്ഞിട്ടുള്ളതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ അംഗീകരിക്കുന്ന മതം സനാതന ധര്‍മ്മമാണെന്ന് സി.വി.കുഞ്ഞിരാമനുമായുള്ള അഭിമുഖത്തില്‍ ഗുരുദേവന്‍ പ്രസ്താവിച്ചതായി രേഖകളിലെല്ലാം പ്രതിപാദിച്ചിട്ടും ഇതൊക്കെ മറച്ചുവച്ചാണ് സഖാക്കള്‍ ശ്രീനാരായണ ഗുരുവിനെ വ്യാഖ്യാനിക്കുന്നത്.
സങ്കുചിതമായ വരട്ടുവാദങ്ങള്‍ ഉന്നയിച്ച് യാഥാര്‍ത്ഥ്യങ്ങളെ നിഴലുകളായും നിഴലുകളെ യാഥാര്‍ത്ഥ്യങ്ങളായും വളച്ചൊടിച്ച് പ്രചരിപ്പിക്കാനുള്ള പ്രതലം ഒരുക്കുക എന്നത് എല്ലാക്കാലത്തും ഇടതുപക്ഷം നടത്തുന്ന പ്രത്യയശാസ്ത്രപരമായ കള്ളക്കളിയാണ്. ഹിന്ദുത്വം എന്നാല്‍ കേവലം ബ്രാഹ്മണ മേധാവിത്തമെന്നൊ സവര്‍ണ്ണ സര്‍വ്വാധിപത്യമെന്നൊ വ്യാഖ്യാനിക്കുന്നത് കമ്മൂണിസ്റ്റ് പാര്‍ട്ടി എക്കാലവും സ്വീകരിച്ചിട്ടുള്ള രീതിയാണ്.
ശ്രീനാരായണ ഗുരുവിന്റെ മതസങ്കല്‍പത്തെക്കുറിച്ച് പി. പരമേശ്വരന്‍ പറഞ്ഞിട്ടുള്ളത് ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. ഹിന്ദുമതമെന്ന് പൊതുവെ അറിയപ്പെടുന്നതെന്തൊ അത് തന്നെയാണ് സനാതന ധര്‍മ്മം. ബൗദ്ധ-ജൈന മതങ്ങളെല്ലാം സനാതന ധര്‍മ്മ സങ്കല്‍പത്തില്‍പ്പെടുന്നവയാണ്. സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഊന്നി നില്‍ക്കുകയും അദൈ്വത സാക്ഷാത്കാരത്തിന്റെ അത്യുന്നത പടവുകള്‍ കയറുകയും സുദീര്‍ഘമായ ഭാരതീയ സംന്യാസ പാരമ്പര്യത്തിന്റെ ആധുനികയുഗത്തിലെ പ്രസക്തി പ്രകാശിപ്പിക്കുകയും ചെയ്ത മഹാത്മാവായിരുന്നു ശ്രീ നാരായണഗുരു. ഹിന്ദു സമൂഹത്തിന്റെ ദൃഢീകരണവും ഹിന്ദു തത്വങ്ങളുടെ പ്രചാരണവും ഗുരുദേവ ദൗത്യത്തിന്റെ മുഖമുദ്രയായിരുന്നു. ജാതി വ്യത്യാസവും അയിത്താചാരവും കൊണ്ട് വിഘടിതമായ ഹിന്ദു സമൂഹത്തിലെ അവശവിഭാഗങ്ങള്‍ മറ്റു മതങ്ങളില്‍ അഭയം തേടുന്നത് തടഞ്ഞത് ഗുരുദേവന്റെ അലൗകികമായ വ്യക്തി പ്രഭാവവും അദ്ദേഹം പ്രചരിപ്പിച്ച തത്വങ്ങളും, സ്ഥാപിച്ച ക്ഷേത്രങ്ങളുമായിരുന്നു എന്ന ചരിത്രസത്യം അനിഷേധ്യമായി അവശേഷിക്കുന്നു. (ദിശാബോധത്തിന്റെ ദര്‍ശനം പേജ്- 12 )
ഗുരു നിത്യചൈതന്യ യതി, ശ്രീനാരായണ ഗുരുവിന്റെ ശിവപാര്‍വ്വതി പ്രപഞ്ച സങ്കല്പം, പാശ്ചാത്യ സങ്കല്പത്തില്‍ നിന്ന് വിഭിന്നമാണെന്നും അദൈ്വത സനാതന സങ്കല്പത്തിലധിഷ്ഠിതമാണ് ഗുരുവിന്റെ ശിവസങ്കീര്‍ത്തനങ്ങള്‍ എന്നും പറയുന്നു. യതി പറയുന്നു, ‘ശിവനും ശക്തിയും വേറെ വേറെ നില്‍ക്കുന്നില്ല. ശിവനും ശക്തിയും പ്രപഞ്ച ശക്തിയായി കലര്‍ന്ന് നില്‍ക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ ശിവസങ്കീര്‍ത്തനങ്ങളെടുത്ത് നോക്കിയാല്‍ ഗുരുവിനും ബസവേശ്വരന്റെ കാഴ്ചപ്പാടുള്ളതായി കാണാം. ഒരു കീര്‍ത്തനത്തില്‍ ഗുരു പറയുന്നു, ‘ഭഗവാനെ നിന്റെ പകുതി ശരീരം ദേവി പകുത്ത് വാങ്ങിയല്ലോ, ഇനി ബാക്കി പകുതിയില്ലേ, അതിന്റെ ഒരു മൂലയില്‍ ഞാനും കൂടി ഇരുന്നുകൊള്ളട്ടെ (യതി ചരിത്രം: പേജ് 560 )
സനാതന ധര്‍മ്മത്തില്‍ അന്തര്‍ലീനമായ ഹിന്ദു സംസ്‌കാരത്തിന്റെ സമസ്ത സ്വഭാവങ്ങളേയും സ്വാംശീകരിച്ചിട്ടുള്ള ദര്‍ശനമാണ് ശ്രീനാരായണഗുരു ഉയര്‍ത്തിപ്പിടിച്ചത്. ഗുരുവിനെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയും. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും വേണ്ടിയുള്ള ഗുരുദര്‍ശനം ഉപരിപഌവമായി കണ്ട് ഗുരുദേവനെ യുക്തിവാദിയും ഭൗതിക വിപഌവകാരിയുമൊക്കെയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഗുരുനിന്ദയും ശ്രീനാരായണ ഗുരുദര്‍ശനത്തെ വക്രീകരിക്കുവാനുള്ള കുത്സിത ശ്രമവുമാണ്.a
പ്രതികരിക്കാൻ ഇവിടെ എഴുതുക: