ടി.പി. രാജീവന്
പി.ടി. തോമസിന്റെ ജീവിതവും മരണവും തുറന്നുകാണിക്കുന്നത് കോണ്‍ഗ്രസ്സിനെ ആസകലം ബാധിച്ച നിലപാടില്ലായ്മയെയും ഇരട്ടത്താപ്പിനെയും ഭീരത്വത്തെയും അന്തസ്സാരശൂന്യതയേയുമാണ്.
പി.ടി. തോമസ് ധീരനും നിര്‍ഭയനുമായിരുന്നു എങ്കില്‍ അദ്ദേഹം ധീരവും നിര്‍ഭയവുമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ എന്തേ കോണ്‍ഗ്രസ്സില്‍ കെഎസ്യു മുതല്‍ ഹൈക്കമാന്റ് വരെ ആരും കൂടെ നിന്നില്ല? കുടിയേറ്റ വോട്ട് മോഹിച്ചും പൗരോഹിത്യത്തെ പേടിച്ചും ധീരതയുടെ പേരില്‍ ഇപ്പോള്‍ വിലപിക്കുന്ന നേതാക്കളുടെ നാവ് അന്ന് താണുപോയി? ‘പ്രഗത്ഭനായ പാര്ലമെന്റേറിയന്’ എന്ന് മരണശേഷം അനുസ്മരിക്കുന്നവര്‍ അന്നു പി.ടി. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഇടുക്കിയില്‍ സീറ്റ് നിഷേധിച്ചു? ഏറെക്കാലം കോണ്‍ഗ്രസ്സിന്റെ പുറംപോക്കില്‍ പി.ടിക്കു കിടക്കേണ്ടിവന്നു?
ഈ പതിവ് അനുസ്മരണങ്ങളൊന്നുമായിരുന്നില്ല പി.ടി. തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ പ്രസക്തി. അദ്ദേഹത്തിന്റെ പേരില്‍ വിലപിക്കുന്ന എത്രപേര്‍ക്ക് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അതു തിരിച്ചറിയാന്‍ കഴിഞ്ഞു. തിരിച്ചറിഞ്ഞെങ്കില്‍ത്തന്നെ അതു തുറന്നു പറയാന്‍ കഴിഞ്ഞു എന്നതാണ് വിഷയം.
കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തിലും വികസനത്തിലും നയരൂപീകരണത്തിലും പരിസ്ഥിതി, സംസ്കാരം, ലിംഗനീതി, ജനാധിപത്യാവകാശ സംരക്ഷണം തുടങ്ങിയ കാര്യങ്ങളുടെ നിര്‍ണായകമായ സ്ഥാനം തിരിച്ചറിഞ്ഞ, അതിനുവേണ്ടി നിലപാടെടുക്കുകയും നിലകൊള്ളുകയും ചെയ്ത ഏക മുഖ്യധാരാ രാഷ്ട്രീയ നേതാവായിരുന്നു പി.ടി. തോമസ്. ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ ഇത് വ്യക്തമാക്കുന്നു. പരിസ്ഥിതി വിനാശത്തിന്റെ പേരില്‍ ഗദ്ഗദചിത്തരാകുന്ന പല നേതാക്കളും ഇടതു വലതു വ്യത്യാസമില്ലാതെ വോട്ട് ചോര്‍ച്ച പേടിച്ച് നിശബ്ദരായി. മഹാവിപ്ലവകാരികള്‍, സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ വരെയുണ്ടായിരുന്നു അന്നു ചൂടുള്ള ചേമ്പ് വായിലിട്ടപോലെ മിണ്ടാന്‍ കഴിയാതെയായവരില്‍. കേരളത്തിന്റെ പാരിസ്ഥിതിക നിലനില്‍പ്പിനേക്കാള്‍ അവര്‍ക്ക് പ്രധാനം അടുത്ത തെരഞ്ഞെടുപ്പില്‍ കുറച്ചു വോട്ടായിരുന്നു. സഹ്യപര്‍വത നിരകളും അറബിക്കടലും തമ്മിലുള്ള ഒരു രഹസ്യധാരണയാണ് കേരളമെന്നും ആ ധാരണ തെറ്റിയാല്‍ കടല്‍ പര്‍വതത്തെ ആലിംഗനം ചെയ്യുമെന്നും പര്‍വതം കടലിനെ തേടി വരുമെന്നുള്ള യാഥാര്‍ത്ഥ്യം അവര്‍ക്ക് ഇപ്പോഴും തുടര്‍ച്ചയായ പ്രളയത്തിനും മലയിടിച്ചിലിനും നദികളുടെ വഴിമാറിയൊഴുകലിനു ശേഷവും മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ മനസ്സിലായിട്ടും അവര്‍ തുറന്നു പറയുന്നില്ല. താല്പര്യങ്ങള് അവരെ വിലക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: