ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയില്‍ കര്‍ശന ഇടപെടലുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്രത്തിന്റെ നിര്‍ദേശാനുസരണം ഡിജിപിയെ തല്‍സ്ഥാനത്തുനിന്നും പഞ്ചാബ് സര്‍ക്കാര്‍ മാറ്റി. പകരം പുതിയ പൊലീസ് മേധാവിയായി വി.കെ.ഭാവ്രയെ നിയമിച്ചു.
സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് താല്‍ക്കാലിക ഡിജിപിയായിരുന്ന സിദ്ധാര്‍ഥ് ചതോപാധ്യായ്ക്ക് കേന്ദ്രം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് അദേഹത്തിന്റെ സ്ഥാനം തെറിച്ചത്. സംസ്ഥാനത്ത് 100 ദിവസത്തിനിടെ ഇതു മൂന്നാമത്തെ ഡിജിപിയാണ്. യുപിഎസ്സി മുന്നോട്ടുവച്ച മൂന്നുപേരുടെ പട്ടികയില്‍നിന്നാണ് ഭാവ്രയെ തിരഞ്ഞെടുത്തത്.
സുരക്ഷാ വീഴ്ച്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. സുരക്ഷ വീഴ്ച അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി പഞ്ചാബ് ഡിജിപി സിത്ഥാര്‍ത്ഥ് ചതുര്‍വേദിയെയും സുരക്ഷ ചുമതലയുള്ള ബട്ടിന്‍ഡ എഎസ്പി അജയ് മൂലജയേയും പഞ്ചാബ് പൊലീസിലെ ഒരു ഡസനോളം വരുന്ന ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി. ഇവരോട് വിശദീകരണം ആരാഞ്ഞ ശേഷം തൃപ്തികരമല്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിക്ക് അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ എസ് പി ജി ആവശ്യപ്പെടുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ പ്രദാനം ചെയ്യണം എന്ന എസ്പിജി ആക്ട് സെക്ഷന്‍ 14ന്റെ ലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷണം സംഘം പരിശോധിക്കുകയാണ്. ഇതില്‍ വീഴ്ച വന്നതായി കണ്ടെത്തിയാല്‍ കടുത്ത നടപടി സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ നേരിടേണ്ടി വരും.
ആഭ്യന്തര സുരക്ഷാ സെക്രട്ടറി സുധീര്‍ കുമാര്‍ സക്സേന, ഐ ബി ജോയിന്റ് ഡയറക്ടര്‍ ബല്‍ബീര്‍ സിംഗ്, എസ് പി ജി ഐജി സുരേഷ് എന്നിവരടങ്ങിയ അന്വേഷണം സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ വീഴ്ചയില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഇരുപത്തിനാല് മണികൂറിനകം നോട്ടീസില്‍ തൃപ്തികരമായ മറുപടി ഉണ്ടായില്ലെങ്കില്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്കി. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരോടും സംഭവങ്ങള്‍ തെളിവുകള്‍ സഹിതം വിശദീകരിക്കാന്‍ പ്രത്യേക അന്വേഷണ സംഘം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: