തിരുവനന്തപുരം: പ്രശസ്തമായ ശംഖുംമുഖം ദേവീ ക്ഷേത്രത്തില്‍ ‘കുരിശ്’ രൂപത്തില്‍ മണിമന്ദിരം നിര്‍മിക്കുന്നത് നിര്‍ത്തിവച്ചു. ക്ഷേത്രവാസ്തുവിന് വിരുദ്ധമായ നിര്‍മാണത്തിനെതിരെ വ്യാപകപരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്.
പ്രവാസിയായ രഞ്ജിത് ശങ്കര്‍ വഴിപാടായി നിര്‍മിച്ചു നല്‍കുന്നതാണ് മണിമന്ദിരം. 5 ലക്ഷം രൂപ ചെലവുവരുന്ന മണിമന്ദിരത്തിന്റെ നിര്‍മാണച്ചുമതല ക്ഷേത്ര ഉപദേശ സമിതിക്കായിരുന്നു.
കുരിശ് മാതൃകയിലുള്ള നിര്‍മാണമാണ് നടത്തിയത്. ഇതുസംബന്ധിച്ച് ‘ജന്മഭൂമി’ വാര്‍ത്ത നല്‍കിയിരുന്നു. ദേവസ്വംബോര്‍ഡ് അംഗീകരിച്ച മാതൃകയ്ക്ക് വിരുദ്ധമായി നടത്തുന്ന നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി രഞ്ജിത് ശങ്കര്‍ അറിയിച്ചു. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞ ശേഷമേ നിര്‍മിതി പൂര്‍ത്തിയാക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ള ആകൃതിക്ക് മാറ്റം വരുത്തുമെന്ന് ഉപദേശകസമിതി സെക്രട്ടറി പി. സാഹുവും അറിയിച്ചു. ദ്വേസ്വംബോര്ഡിന്റെ അനുമതിയോടെ മൂത്താശ്ശാരി സ്ഥാനനിര്‍ണയം നടത്തി ദേവസ്വംബോര്‍ഡ് മരാമത്ത് വകുപ്പിന്റെ ഉത്തരവാദിത്വത്തിലാണ് മണിമന്ദിരം പണിയുന്നത്. കുരിശു രൂപത്തിലുള്ള മണിമന്ദിരം നിര്‍മിച്ചതിലെ തെറ്റ് ബോധ്യപ്പെട്ടെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം ‘ജന്മഭൂമി’യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: