തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തില്‍ ഇടിമിന്നലില്‍ കേടുപാടു സംഭവിച്ച ധ്വജസ്തംഭത്തിന്റെ പഞ്ചവര്‍ഗ അടിത്തറ ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുത്ത സ്ഥപതി ഡോ.മനോജ് എസ് നായര്‍ പരിശോധിച്ചു. ക്ഷേത്രം തന്ത്രിമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞ മാസം ക്ഷേത്രപരിസരത്തുകൂടിയ യോഗത്തില്‍വച്ചു നറുക്കെടുപ്പിലൂടെ നിശ്ചയിച്ച സ്ഥപതിമാരിലൊരാളാണ് തന്ത്രിയുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ പരിശോധനകള്‍ നടത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2 മുതല്‍ 6 വരെ സ്ഥപതി വിശദമായ പരിശോധന നടത്തി കേടുപാടുകളുടെ പൂര്‍ണവിവരങ്ങള്‍ രേഖപ്പെടുത്തി. ശ്രീകോവിലില്‍ നിന്നുള്ള ദൂരവും കൊടിമരത്തിന്റെ അടിത്തറയുടെ വിവിധരീതികളിലുള്ള അളവുകള്‍ തിട്ടപ്പെടുത്തുകയും ചെയ്തു. പരിശോധന സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിക്കും .
ദേവസ്വം അസി.എന്‍ജിനീയര്‍ ജി സന്തോഷ്, ജൂനിയര്‍ സൂപ്രണ്ട് പി.ആര്‍.മീര, സബ് ഗ്രൂപ്പ ഓഫീസര്‍ കെ.ആര്‍.ഹരിഹരന്‍, അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ ആര്‍.പി ശ്രീകുമാര്‍ ശ്രീപദ്മം, ജോ. കണ്‍വീനര്‍ വി. ശ്രീകുമാര്‍ കൊങ്ങരേട്ട്, വികസന സമിതിയംഗം കെ.രാധാകൃഷ്ണന്‍ കൃഷ്ണവിലാസം, ക്ഷേത്ര ജീവനക്കാരനായ ശ്രീജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. സ്ഥപതികളെ ക്ഷേത്രത്തില്‍ ക്ഷണിച്ചു വരുത്തുന്നതിനും അവര്‍ക്കുള്ള ദക്ഷിണ നല്കുന്നതിനും ആവശ്യമായ ചെലവു വഹിക്കുന്നതിന് ദേവസ്വം ബോര്‍ഡ് ക്ഷേത്രം അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ശ്രീവല്ലഭക്ഷേത്രത്തിലുണ്ടായ ഇടിമിന്നലുമായി ബന്ധപ്പെട്ട ദേവഹിതം അറിയുന്നതിനായി, നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ദൈവജ്ഞരെ ക്ഷണിക്കുന്നതിനും അഷ്ടമംഗല്യദേവപ്രശ്‌നം നടത്തുന്നതിനുമുള്ള ചുമതലയും ക്ഷേത്രം അഡ്‌ഹോക് കമ്മിറ്റിക്ക് ദേവസ്വം ബോര്‍ഡ് നല്‍കി. ദേവപ്രശ്‌നം നടത്തുന്നതിനുള്ള നടപടികള്‍ അഡ്‌ഹോക് കമ്മിറ്റി ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: