കല്‍പ്പറ്റ: സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്ര പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി അര്ജുന് മുണ്ട 12ന് ജില്ലയില്‍ എത്തും. 12 മുതല്‍ 2023 ജനുവരി 12 വരെ ഒരു വര്‍ഷക്കാലം വിവിധ സേവന പരിപാടികളോട് കൂടിയാണ് സുവര്‍ണ്ണ ജൂബിലി ആഘോഷം നടക്കുക.
1972 ലാണ് മുട്ടിലില്‍ വിവേകാനന്ദമ മെഡിക്കല്‍ മിഷന് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. വനവാസി സമൂഹത്തിന്റെയും മറ്റ് പാവപ്പെട്ട ജനവിഭാഗങ്ങളുടെയും ക്ഷേമം കൈവരിക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് മിഷന് പ്രവര്‍ത്തനം നടത്തുന്നത്. പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷത്തില്‍ പരം പേര്‍ക്ക് മിഷന് ആശുപത്രി വഴി ചികിത്സ നല്കി വരുന്നുണ്ട്. സിക്കിള്‍സെല്‍ അനീമിയ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാത്രം 1500ല്‍ പരം സൗജന്യ രോഗനിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ച് സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി രോഗനിര്‍ണയം നടത്താന്‍ മെഡിക്കല്‍ മിഷന് കഴിഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്ത് റ്റിഐഡിഇ പദ്ധതിയുടെ ഭാഗമായി 125 ഗ്രാമങ്ങളില്‍ ഏകാധ്യാപക വിദ്യാലയങ്ങളും, മാനന്തവാടി താലൂക്കിലെ ചെറുകരയില്‍ ശ്രീ ശങ്കര വിദ്യാനികേതന്‍ എന്ന പേരില്‍ ഒരു യുപി വിദ്യാലയവും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 65 ശതമാനം വനവാസി കുട്ടികളാണ് ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍. നൂറ് ഗ്രാമങ്ങളില്‍ പ്രതിവാര ബാലസംസ്കാര കേന്ദ്രങ്ങള്‍, മുട്ടില്‍ കേന്ദ്രമായി ഒരു യോഗ വിദ്യാലയം, ബിഎസ്എസ്ന്റെ പേഷ്യന്റ് കെയര്‍ നേഴ്സിംഗ് സ്കൂള്‍, സിക്കിള്‍സെല്‍ അനീമിയ രോഗ പുനരധിവാസ പദ്ധതിയനുസരിച്ചുള്ള തൊഴില്‍ കേന്ദ്രങ്ങള്‍ എന്നിവയും പ്രവര്ത്തിച്ചുവരുണ്ട്.
ജില്ലയുടെ ആരോഗ്യ പുരോഗതിക്കും വിദ്യാഭ്യാസ പുരോഗതിയിലും മെഡിക്കല്‍ മിഷന്റെ പങ്ക് വലുതാണ്.12ന് രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് പ്രസിഡന്റ് ഡോ. പി. നാരായണന് നായര്‍ അധ്യക്ഷത വഹിക്കും. ചെയര്മാന് സ്വാഗതസംഘം ചെയര്മാന് ഡോ. പി. ശിവപ്രസാദ് സ്വാഗതം ആശംസിക്കും. മെഡിക്കല്‍ മിഷന് സെക്രട്ടറി അഡ്വ. കെ.എ. അശോകന് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
പുതിയതായി നിര്‍മ്മിച്ച ഐസിയു വാര്‍ഡ് എം.വി. ശ്രേയാംസ് കുമാര്‍ എംപി ഉദ്ഘാടനം ചെയ്യും. നവീകരിച്ച ലബോറട്ടറി വിഭാഗം ടി. സിദ്ധീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നവീകരിച്ച ഫാര്‍മസി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ സാധന വീഡിയോ പ്രകാശനവും മിന്നാമിനുങ്ങുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചലച്ചിത്ര താരം വിധുബാല നിര്‍വ്വഹിക്കും. ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
പത്മശ്രീ ഡോ. ധനഞ്ജയ് സഗ്ദേവ്, വനവാസി കല്യാണ്‍ ആശ്രമം പ്രതിനിധി ഡോ. മുകുന്ദ കര്‍മാര്‍ക്കര്‍, വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ കെ.സി. പൈതല്‍, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, വാര്‍ഡ് മെംബര്‍ ലീന.സി. നായര്‍, ജനറല്‍ കണ്‍വീനര്‍ വി.കെ. ജനാര്ദ്ദനന്. എന്നിവര്‍ സംസാരിക്കും.പരിപാടിക്കായി രൂപീകരിച്ച സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരികളായി സ്വാമി ചിദാനന്ദപുരി, സ്വാമി അക്ഷയാമൃത ചൈതന്യ, കേന്ദ്രമന്ത്രി വി. മുരളീധരന്, എം.വി. ശ്രേയാംസ്കുമാര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ടി. സിദ്ധിഖ് എംഎല്‍എ, പത്മശ്രീ ഡോക്ടര്‍ ധനഞ്ജയ് സഗ്ദേവ് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: