ന്യൂദല്‍ഹി: ടിബറ്റന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് ഇന്ത്യന്‍ എംപിമാര്‍ക്ക് കത്ത് അയയ്ക്കുന്ന തരത്തിലുള്ള ധിക്കാരം ചൈന അവസാനിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. എംപിമാരുടെ സാധാരണ പ്രവര്‍ത്തനങ്ങളില്‍ കൈക്കടത്താതിരിക്കുന്നതാണ് നല്ലതെന്നും അത്തരം ഇടപടല്‍ ഉഭയകക്ഷി ബന്ധം വഷളാക്കുമെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
എപിമാര്‍ക്ക് ചൈനീസ് എംബസിയിലെ പൊളിറ്റിക്കല്‍ കൗണ്‍സിലറാണ് കത്ത് എഴുതിയത്. കത്തിന്റെ സാരവും സ്വരവും പദാവലിയും അനുചിതമാണ്. ഇന്ത്യ ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണെന്നും എംപിമാര്‍ ജനപ്രതിനിധികള്‍ എന്ന നിലയില്‍ അവരുടെ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും ചൈന മനസ്സിലാക്കണം, അരിന്ദം ബാഗ്ചി പറഞ്ഞു.
‘ടിബറ്റന്‍ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്താണ് ചൈനീസ് എംബസി എംപിമാര്‍ക്ക് കത്ത് അയച്ചത്. ഏതു രാജ്യത്തും ടിബറ്റന്‍ സ്വാതന്ത്ര്യ സേന നടത്തുന്ന ചൈന വിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും ഏതെങ്കിലും രാജ്യത്തിലെ ഉദ്യോഗസ്ഥര്‍ അവരുമായി ബന്ധപ്പെടുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്യുമെന്ന ഭീഷണിയോടെയാണ് ചൈനീസ് എംബസിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ഷൗ യോങ് ഷെംഗ് കത്ത് അയച്ചത്.
ഡിസംബര്‍ 22 നാണ് ടിബറ്റന്‍ പാര്‍ലമെന്റ്-പ്രവാസ സ്പീക്കര്‍ ഖെന്‍പോ സോനം ടെന്‍ഫെല്‍ രാജ്യത്തെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ഒരു കൂട്ടം എംപിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ടിബറ്റന്‍ പാര്‍ലമെന്ററി സെക്രട്ടേറിയറ്റ് പറയുന്നതനുസരിച്ച്, നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായ ഓള്-പാര്‍ട്ടി ഇന്ത്യന്‍ പാര്‍ലമെന്ററി ഫോറം ഫോര്‍ ടിബറ്റിന്റെ (എപിഐപിഎഫ്ടി) പുനരുജ്ജീവനമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.
അറുപത് വര്‍ഷമായി ചൈന അനധികൃതമായി കൈയടക്കിവച്ചിരിക്കുന്ന മേഖലയിലാണ് ഇപ്പോള്‍ അവര്‍ പാലം നിര്‍മ്മിച്ചതെന്ന് അരിന്ദംബാഗ്ചി വിശദീകരിച്ചു. പാംഗോങ് തടാകത്തില്‍ ചൈനപാലം നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി, കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍, അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബജറ്റ് ഗവണ്മെന്റ് ഗണ്യമായി വര്‍ധിപ്പിക്കുകയും മുമ്പത്തേക്കാള്‍ കൂടുതല്‍ റോഡുകളും പാലങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: