കെ-റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ നടത്തിയിട്ടുള്ള നിയമലംഘനങ്ങളുടെയും കള്ളത്തരങ്ങളുടെയും പരമ്പരയാണ് പുറത്തറിയാന്‍ തുടങ്ങിയിരിക്കുന്നത്. സ്‌പെഷ്യല്‍ റെയില്‍വെ പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്നിരിക്കെ ഇതിനു വിരുദ്ധമായി സ്ഥലം ഏറ്റെടുക്കാന്‍ തഹസില്‍ദാരെയടക്കം നിയമിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ നിര്‍ണായകമാണ്. പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയെക്കുറിച്ചുള്ള സര്‍വെ നടന്നുകൊണ്ടിരിക്കെ ഇതുസംബന്ധിച്ച വിവരങ്ങള്‍ എങ്ങനെ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി പറയാന്‍ സര്‍ക്കാര്‍ വിയര്‍ക്കും. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് അറിയിപ്പുപോലും നല്‍കാതെ പദ്ധതിപ്രദേശത്ത് അതിക്രമിച്ച് കയറി ബലം പ്രയോഗിച്ച് കല്ലിടുന്നത് നിര്‍ത്തിവയ്‌ക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാരിന്റെ കഴുത്തിനു പിടിക്കുന്ന ചോദ്യങ്ങള്‍ കോടതിയില്‍നിന്നുണ്ടായത്. കേന്ദ്രത്തിന്റെയും റെയില്‍വേയുടെയും അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോവില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാരിനു സമ്മതിക്കേണ്ടിവന്നിരിക്കയാണ്. എങ്കില്‍പ്പിന്നെ എന്തിനാണ് ഇങ്ങനെയൊരു അനുമതി ലഭിക്കാതെ പദ്ധതിക്ക് തുടക്കമിടാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടുന്നത്. ഇപ്പോള്‍ നടത്തുന്നത് പദ്ധതിക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകളാണത്രേ.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ തത്വത്തിലുള്ള അനുമതി മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഇക്കാര്യം ജനങ്ങളില്‍നിന്ന് മറച്ചുപിടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വികസനനായകന്‍ ചമഞ്ഞ് ആരെതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേയുടെയും അനുമതിയില്ലാതെ എന്തടിസ്ഥാനത്തിലാണ് പദ്ധതിയെ കാര്യകാരണ സഹിതം എതിര്‍ക്കുന്നവരെ മുഖ്യമന്ത്രി ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത്? എല്ലാം ശരിയാക്കിത്തരാമെന്ന് ഏതെങ്കിലും റെയില്‍വെ ഉദേ്യാഗസ്ഥര്‍ മുഖ്യമന്ത്രിക്ക് ഉറപ്പുകൊടുത്തിട്ടുണ്ടെങ്കില്‍ അതും കയ്യില്‍പിടിച്ചുകൊണ്ട് ഇരിക്കുകയേയുള്ളൂ. അഴിമതിക്കുവേണ്ടി ദാഹിക്കുന്ന ഉദ്യോഗസ്ഥ പ്രമാണിമാരല്ല നരേന്ദ്ര മോദി സര്‍ക്കാരിനെ നയിക്കുന്നത്. പാരിസ്ഥിതികാഘാത പഠനവും സാമൂഹ്യാഘാത പഠനവും നടത്താതെയും വിശദ പദ്ധതിരേഖ പുറത്തുവിടാതെയും വിദേശഫണ്ടിലും അഴിമതിയിലും കണ്ണുവച്ച് പദ്ധതിക്ക് തുടക്കമിടാന്‍ മുഖ്യമന്ത്രി കാണിക്കുന്ന തിടുക്കത്തിന് ഒരു ന്യായീകരണവുമില്ല. കേരളം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ അഴിമതികളിലൊന്നില്‍ പ്രതിയായിട്ടുള്ള പിണറായി വിജയന്റെ ട്രാക്ക് റെക്കോര്‍ഡ് സ്വന്തം പാര്‍ട്ടി അണികള്‍ക്കുപോലും അറിയാം. അപ്പോഴല്ലേ ഇത്തരമൊരാളുടെ വാക്ക് ജനങ്ങള്‍ വിശ്വസിക്കുന്നത്! സര്‍ക്കാര്‍ ചെലവില്‍ ഏകപക്ഷീയമായ പ്രചാരണം നടത്തിയും ജനങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടും സില്‍വര്‍ലൈനുമായി മുന്നോട്ടുപോകാമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്‌നം മാത്രമാണ്. സാംസ്‌കാരിക നായകന്മാെര വിലയ്‌ക്കെടുക്കുന്നതുപോലെ സാമാന്യജനങ്ങളെ നിശ്ശബ്ദരാക്കാമെന്ന് വിചാരിക്കുന്നത് വെറുതെയാവും.
പുനരധിവാസപ്രശ്‌നം മാത്രമാണ് പദ്ധതിക്ക് തടസ്സമെന്നും, അത് തന്റെ സര്‍ക്കാര്‍ പരിഹരിക്കുമെന്നുമുള്ള തെറ്റിദ്ധാരണ പൊതുസമൂഹത്തില്‍ സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വിനാശകരമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്ന പദ്ധതി കേരളത്തിന്റെ പരിസ്ഥിതിക്കും സാമൂഹ്യജീവിതത്തിനും സമ്പദ്ഘടനക്കും ഗുണകരമാവില്ലെന്ന മുന്നറിയിപ്പുകള്‍ മുഖ്യമന്ത്രി ബോധപൂര്‍വം കണ്ടില്ലെന്നു നടിക്കുകയാണ്. ഡോ. ആര്‍.വി.ജി. മേനോനെയും ഡോ. കെ.പി. കണ്ണനെയുംപോലെ ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ പോലും പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഇവര്‍ക്കൊന്നും മറുപടി പറയാതെ ‘ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍’ എന്നൊക്കെ ചോദിച്ച് സര്‍ക്കാര്‍വിലാസം പൗരപ്രമാണിവരെ വിളിച്ചുകൂട്ടി നാടകം കൡച്ചതുകൊണ്ടൊന്നും പദ്ധതിയോടുള്ള ജനങ്ങളുടെ എതിര്‍പ്പ് അലിഞ്ഞുപോവില്ല. മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഈ പദ്ധതി ഇവിടുത്തെ ഭൂപ്രകൃതിക്കു ചേര്‍ന്നതല്ലെന്നും, കുട്ടനാടിനെപ്പോലെ ജനങ്ങളെ വെള്ളത്തില്‍ മുക്കുമെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പദ്ധതി അപ്രായോഗികമാണെന്ന് കാട്ടി കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അനുമതി നല്‍കില്ലെന്നും മെട്രോമാന്‍ പറയുകയുണ്ടായി. കൊച്ചി മെട്രോയില്‍ അഴിമതി നടത്താനുള്ള അവസരം നഷ്ടമായത് സില്‍വര്‍ലൈനിലൂടെ നികത്താമെന്ന് കണക്കുകൂട്ടുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവരും. കോടതിയുടെ ഇടപെടലുകള്‍ ഇതിലേക്ക് നയിക്കും. കെ-റെയിലിന്റെ ഈ പദ്ധതി കേരളത്തിന് വേണ്ടെന്ന് തീരുമാനിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: