സിഡ്നി: നിസാര റണ്‍സിന് നാലു മുന്‍നിര ബാറ്റ്മാന്മാരെ നഷ്ടപ്പെട്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ട് ജോണി ബെയ്ര്‍സ്റ്റോയുടെ സെഞ്ച്വറിയില്‍ കരകയറുന്നു. ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 258 റണ്‍സിലെത്തി നില്ക്കുന്നു. ഓസീസ് പേസര്‍മാരെ സധൈര്യം നേരിട്ട ജോണി ബെയര്‍സ്റ്റോ 103 റണ്‍സുമായി ക്രീസിലുണ്ട് . നാലു റണ്‍സ് കുറിച്ച ജാക്ക് ലീച്ചാണ് ബെയര്‍സ്റ്റോയ്ക്ക് കൂട്ട്.
ഓസീസിന്റെ 416 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിപറയുന്ന ഇംഗ്ലണ്ട് ഇപ്പോഴും 158 റണ്‍സിന് പിന്നിലാണ്. സെഞ്ച്വറി കുറിച്ച് മുന്നേറുന്ന ബെയര്‍സ്റ്റോയിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. നാലാം ദിനമായ ഇന്നും ബെയ്ര്‍സ്റ്റോ പിടിച്ചുനിന്നാല്‍ ഇംഗ്ലണ്ടിന് ഓസീസ് സ്കോറിനൊപ്പം എത്താനാകും. 140 പന്ത് നേരിട്ട ബെയര്‍സ്റ്റോ എട്ട് ബൗണ്ടറിയും മൂന്ന് സിക്സറും പൊക്കിയാണ് സെഞ്ച്വറിയിലേക്ക് കുതിച്ചത്.
വിക്കറ്റ് നഷ്ടം കൂടാതെ പതിമൂന്ന് റണ്‍സെന്ന സ്കോറിന് ഇന്നിങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. മുപ്പത്തിയാറ് റണ്‍സിന് നാലു വിക്കറ്റുകള്‍ വീണു.പിന്നീട് ആറാമനായി ക്രീസിലെത്തിയ ജോണി ബെയര്‍സ്റ്റോ ബെന്‍ സ്റ്റോക്സിനെ കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. ഓസീസ് പേസ് നിരയെ ധീരമായി നേരിട്ട ഇരുവരും അഞ്ചാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 128 റണ്‍സാണ് ഇവര്‍ വാരിക്കൂട്ടിയത്.
അടിച്ചുതകര്‍ത്ത ബെന്‍സ്റ്റോക്സ് 91 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്സറും സഹിതം 66 റണ്‍സ് കുറിച്ച് മടങ്ങി. സ്പിന്നര്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ജോസ് ബട്ലര് വന്നത് പോലെ മടങ്ങി. എട്ട് പന്ത് നേരിട്ട ബട്ലര്ക്ക് സ്കോര്‍ ബോര്‍ഡ് തുറക്കാനായില്ല. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ഖവാജ ബട്ലറെ പിടികൂടി.
ഓള് റൗണ്ടര്‍ മാര്‍ക്ക് വുഡ് ബെയ്ര്‍സ്റ്റോയ്ക്കൊപ്പം പൊരുതി നിന്നു. അടിച്ചുകളിച്ച മാര്‍ക്ക് വുഡ് ഏഴാം വിക്കറ്റില്‍ ബെയര്‍സ്റ്റോയ്ക്കൊപ്പം 72 റണ്‍സിന്റെ പാര്‍ട്നര്‍ഷിപ്പ് ഉണ്ടാക്കി. ഒടുവില്‍ കമ്മിന്‍സിന്റെ പന്തില്‍ ലിയോണിന് ക്യാച്ചു നല്കി കളം വിട്ടു. 41 പന്ത് നേരിട്ട മാര്‍ക്ക് വുഡ് രണ്ട് ഫോറും മൂന്ന് സിക്സറും പൊക്കി 39 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.
ഓസ്ട്രേലിയക്കായി ക്യാപറ്റന് പാറ്റ് കമ്മിന്‍സ് 20 ഓവറില്‍ 68 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. സ്കോട്ട് ബോലാന്‍ഡ് 12 ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക്, കാമറൂണ്‍ ഗ്രീന്‍, ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: