പാലക്കാട്: ജില്ലയുടെ ഹൃദയത്തില്‍ പെണ്‍കൂട്ടായ്മ. ‘നവം 2022’ എന്നപേരില്‍ ജില്ലയിലെ 40കുടുംബശ്രീ യൂണിറ്റുകള്‍ ചേര്‍ന്നൊരുക്കിയ പ്രദര്‍ശനമേള. മൂന്നുദിവസമുള്ള മേളക്ക് ഇന്നലെ രാവിലെ സ്റ്റേഡിയം സ്റ്റാന്‍ഡിന് സമീപത്തുള്ള മൈതാനത്ത് കുടുംബശ്രീയുടെ ജില്ലാമിഷന് കോ- ഓര്‍ഡിനേറ്റര്‍ പി. സൈദല്‍ ഉദ്ഘാടനം ചെയ്തു.
നിരവധി വ്യത്യസ്ത വസ്തുക്കള്‍ മേളത്തില്‍ വില്പനയ്ക്കൊരുക്കിയിട്ടുണ്ട്. ഓരോയൂണിറ്റും അവരുടെ വസ്തുക്കള്‍ സ്റ്റാളുകളിലായി വില്പനയ്ക്ക് വെച്ചിട്ടുണ്ട്. വിവിധതരം പൂച്ചെടികളും, ഫലവൃക്ഷങ്ങളും അടങ്ങുന്ന നഴ്സറി ആളുകളെ വരവേല്‍ക്കുന്നു. ഉള്ളിലേക്ക് കയറുന്തോറും കൈത്തറി ഖാദി വസ്ത്രങ്ങളും, ഫാന്‍സി ആഭരണങ്ങളും, വിളക്കുകളും എന്നിങ്ങനെ വ്യത്യസ്ത രൂപത്തിലും വലിപ്പത്തിലുമുള്ള വസ്തുക്കള്‍ കാണാം. മാത്രമല്ല, നാടന്‍ ഭക്ഷ്യസാധനങ്ങളുടെ നിരവധി സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. കൂണ് കൊണ്ടുള്ള വസ്തുക്കള്‍, തേന്‍, അച്ചാറുകള്‍, പലഹാരങ്ങള്‍ എന്നിവയുടെ പ്രത്യേക സ്റ്റാളുകളുമുണ്ട. സുഗന്ധ വ്യഞ്ജനങ്ങള്‍, മഞ്ഞള്‍, കൂവപ്പൊടി, ചക്കപ്പൊടി, വിത്തുകള്‍, വളങ്ങള്‍ എന്നിങ്ങനെ നാടന്വസ്തുക്കളും വില്പനയ്ക്ക് ഒരുക്കിവെച്ചിട്ടുണ്ട്. ഇപ്പോള്‍ ട്രെന്‍ഡിങായി ഹോട്ടലുകളില്‍ കിട്ടുന്ന മുള ബിരിയാണി ഉണ്ടാക്കുന്ന മുളകുറ്റിയും വില്പനക്കായി വെച്ചിട്ടുണ്ട്. മാത്രമല്ല മൂന്ന് സ്റ്റാളുകളിലായി കുടുംബശ്രീയുടെ ഭക്ഷണശാലയും തുറന്നിട്ടുണ്ട്. പാനീയങ്ങളും ഭക്ഷ്യവസ്തുക്കളുമാണ് ഇവിടെ വില്‍ക്കുന്നത്.
മൂന്ന് ദിവസത്തെ പ്രദര്‍ശനമേളക്ക് നാട്ടുകാര്‍ നല്ല പിന്തുണ നല്‍കുന്നുണ്ട്. രാവിലെ 11 മണിക്ക് തുറക്കുന്നത് മുതല്‍ വൈകിട്ട് 7.30 വരെ കാഴ്ചക്കാര്‍ വന്നുകൊണ്ടേയിരിക്കുന്നുവെന്ന് അട്ടപ്പാടി കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ പറയുന്നു. നാളെ വൈകിട്ട് 7.30 വരെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: