കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന് ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി ഈ മാസം 12ന് എടുക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കോടതി ബാലചന്ദ്രകുമാറിന് ഇതുസംബന്ധിച്ച സമന്‍സ് അയച്ചു. എറണാകുളം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് മൊഴി രേഖപ്പെടുത്തുക.
നടിയെ ആക്രമിച്ച കേസ് നടന് ദിലീപ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. ദിലീപടക്കമുള്ളവരുടെ ശബ്ദരേഖകളും ഇയാള്‍ പുറത്തുവിടുകയും കേസില്‍ ഇത് നിര്‍ണ്ണായകമാവുകയും ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിന്റെ മെമ്മറി കാര്‍ഡ് ഇതുവരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. എന്നാല്‍ ഈ ആക്രമണ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളും അതിന് ശേഷം ഇക്കാര്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ ദിലീപിനെ വിളിച്ചപ്പോള്‍ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാന്‍ വന്നുവെന്നും, ഇതിന് തെളിവായി വാട്സാപ്പില്‍ അയച്ച ഓഡിയോ മെസ്സേജും സംവിധായകന് പുറത്തുവിട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണസംഘം എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതിന് തുടര്‍ച്ചയായി ദിലീപിനെയും ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന് വിളിക്കുന്ന സുനില്‍ കുമാറിനേയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.
അതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പള്‍സര്‍ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. മകന്റെ ജീവന് ഭീഷണിയുണ്ട്.
തന്റെ ജീവന് അപകടത്തിലായിരുന്നെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പള്‍സര്‍ സുനി തന്നോട് പറഞ്ഞിട്ടുണ്ട്. ഗൂഢാലോചനയില്‍ ദിലീപിനെ കൂടാതെ സിനിമാരംഗത്തെ മറ്റുചിലര്‍ക്കും പങ്കുണ്ടെന്ന് കത്തില്‍ പറഞ്ഞിരുന്നു. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ കത്ത് പുറത്തുവിടുന്നതെന്നും ശോഭന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: