കോഴിക്കോട്: ഭര്‍ത്താവിനെ ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്നും ഉടുമുണ്ടഴിച്ചെന്നും മൊബൈല്‍ഫോണ്‍ തകര്‍ത്തെന്നും ആരോപിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ വീട്ടമ്മ. കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ വച്ച് ബിന്ദു അമ്മിണി അടിപിടി കൂടിയ സംഭവത്തിലെ ആളുടെ ഭാര്യയാണ് പരാതിക്കാരി.
വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് സംഭവത്തില്‍ അറസ്റ്റിലായ മോഹന്‍ദാസിന്റെ ഭാര്യ റീജ പറഞ്ഞു. ആദ്യം പ്രകോപനമുണ്ടാക്കിയത് ബിന്ദുവാണ്. തന്റെ ഭര്‍ത്താവിന്റെ ഫോണ്‍ വലിച്ചെറിയുകയും ഉടുമുണ്ട് ഊരുകയും ചെയ്തു. ബിന്ദു അമ്മിണിക്കെതിരെ പോലീസില്‍ പരാതി നല്കുമെന്നും റീജ വ്യക്തമാക്കി.
അതേസമയം, ബിന്ദുഅമ്മിണിയുടെ പരാതിയില്‍ അറസ്റ്റിലായ മോഹന്‍ദാസിനെതിരെ വെള്ളയില്‍ പോലീസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷനും ഇടപെട്ടു. കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്കിയതായി കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ബിന്ദു അമ്മിണിയും മോഹന്‍ദാസും തെരുവില്‍ പരസ്യമായി ഏറ്റുമുട്ടിയത്. സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു.
ബിന്ദുതന്നെ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളില്‍ ബിന്ദു അമ്മിണി യുവാവിനെ ചെരുപ്പൂരി അടിക്കുന്നതും ഇതിനെ യുവാവ് പ്രതിരോധിക്കുന്നതും കാണാം. സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തതെന്നാണ് പറയുന്നത്. മദ്യലഹരിയില്‍ ഒരാള്‍ അക്രമിച്ചെന്നാണ് ബിന്ദു അമ്മിണി പോലീസിനോട് നേരത്തെ പറഞ്ഞത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: