ന്യൂദല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപായപ്പെടുത്താന്‍ നീക്കം നടത്തിയവര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ കത്ത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധക്കാരുമായി ഒത്തുകളിച്ച് ബോധപൂര്‍വവും ആസൂത്രിതവുമായ സുരക്ഷാവീഴ്ച വരുത്തുകയായിരുന്നുവെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചകളിലൊന്നാണിതെന്നും 27 മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ വഴി പ്രതിഷേധക്കാര്‍ തടയുകയെന്ന സുരക്ഷാ വീഴ്ച മാത്രമല്ല, അദ്ദേഹത്തെ അപായപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ഭരണകൂടം ഒത്തുകളിച്ചതിന്റെ ലജ്ജാകരമായ തുറന്ന പ്രകടനമാണ് പഞ്ചാബിലുണ്ടായത്. സംഭവത്തിന്റെ ഗൗരവവും ദേശീയവും അന്തര്‍ദേശീയവുമായ പ്രത്യാഘാതങ്ങളുമാണ് ഉചിതമായ നടപടിക്കായി രാഷ്ട്രപതിയെ സമീപിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ യാത്രാമാര്‍ഗത്തെക്കുറിച്ച് പ്രതിഷേധക്കാര്‍ എങ്ങനെയാണ് അറിഞ്ഞതെന്ന് മനസ്സിലാകുന്നില്ല. പഞ്ചാബ് സര്‍ക്കാരിന്റെ ഉദ്ദേശ്യവും നിരുത്തരവാദപരമായ പെരുമാറ്റവും രാജ്യത്തെ ജനാധിപത്യത്തെ ആശങ്കപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണെന്നും കത്തില്‍ പറയുന്നു. പഞ്ചാബ് മുന്‍ ഡിജിപി പി.സി. ദോഗ്ര, മുന്‍ മഹാരാഷ്ട്ര ഡിജിപി പ്രവീണ്‍ ദീക്ഷിത് എന്നിവര്‍ ഉള്‍പ്പെട 16 മുന്‍ ഡിജിപിമാരടക്കം 27 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: