മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് ഇന്ത്യയില്‍ ഐക്കണിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ യെസ്ഡിയെ പുനരുജ്ജീവിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അഡ്വഞ്ചര്‍, സ്‌ക്രാംബ്ലര്‍, റോഡ്സ്റ്റര്‍ എന്നീ ശ്രേണികളില്‍ മൂന്ന് ബൈക്കുകളാണ് ജനുവരി 13ന് വിപണിയിലെത്തുക. മൂന്ന് മോഡലുകളുടെയും വരവ് അറിയിച്ചുകൊണ്ടുള്ള 11 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറും നിര്‍മാതാക്കള്‍ പുറത്തുവിട്ടു.
ജാവ ബൈക്കുകള്‍ക്ക് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ച മഹീന്ദ്ര തന്നെയാണ് യെസ്ഡിയെയും അവതരിപ്പുക്കുന്നത്. സ്‌കാംബ്ലര്‍, അഡ്വഞ്ചര്‍ എന്നീ ശ്രേണികളിലായി രണ്ട് ബൈക്കുകളും അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു ബൈക്കുമായിരിക്കും എത്തുന്നത്. അതേസമയം, അഡ്വഞ്ചര്‍ ശ്രേണിയിലെ ബൈക്കിന്റെ പേര് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
യെസ്ഡിയുടെ ഐതിഹാസിക രൂപം നിലനിര്‍ത്തി പുതുതലമുറ ഫീച്ചറുകളുമായായിരിക്കും റോഡ്കിങ്ങ് സ്‌ക്രാംബ്ലര്‍ എത്തുക. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്. ഡ്യുവല്‍ ചാനല്‍ എ.ബി.എസ്. തുടങ്ങിയവ പുതുതലമുറ യെസ്ഡിയെ കൂടുതല്‍ ആകര്‍ഷകമാക്കും. ജാവ ബൈക്കുകളില്‍ നല്‍കിയിട്ടുള്ള 293 സി.സി. ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും പുതിയ യെസ്ഡിക്കും കരുത്തേകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ടയറിനോട് ചേര്‍ന്നും ഉയര്‍ത്തിയും നല്‍കിയിട്ടുള്ള ഫെന്‍ഡഫറുകള്‍, വിന്‍ഡ് സ്‌ക്രീന്‍, നക്കിള്‍ ഗാര്‍ഡ്, പെട്രോള്‍ ടാങ്കിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള ക്യാനുകള്‍, ലഗേജ് ബോക്‌സ്, ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ് പൈപ്പ്, സ്പ്ലിറ്റ് സീറ്റുകള്‍ തുടങ്ങിയവ നല്‍കിയാണ് യെസ്ഡിയുടെ അഡ്വഞ്ചര്‍ ബൈക്ക് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ജാവ പരേക്കില്‍ നല്‍കിയിട്ടുള്ള 30 ബി.എച്ച്.പി. പവറും 32 എന്‍.എം. ടോര്‍ക്കുമേകുന്ന 334 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഇതില്‍ നല്‍കുക. ആറ് സ്പീഡായിരിക്കും ഇതിലെ ഗിയര്‍ബോക്‌സ്.
പുതിയ ടീസറില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബൈക്കില്‍ വയര്‍ സ്‌പോക്ക് വീലുകള്‍, ഇരട്ട എക്‌സ്‌ഹോസ്റ്റുകള്‍, അഡ്വാന്‍സ് ശൈലിയിലുള്ള മോട്ടോര്‍സൈക്കിള്‍ എന്നിവ കാണാന്‍ കഴിയും. പുതിയ മോഡലുകളുടെ ബാക്കി വിവരങ്ങളും വിലയുടെ കാര്യവും ഇതുവരെ സ്ഥിരീകരിച്ചിട്ടുല്ല. ഇതിനായി ഇനിയും കാത്തിരിക്കേണ്ടി വരും. എന്തായാലും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങളും മോഡലുകളുടെ കളറും സംബന്ധിച്ചുള്ള കാര്യങ്ങള്‍ കമ്പനി പുറത്തുവിടുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: